പട്ടയമേള സംസ്ഥാനതല ഉദ്ഘാടനം 14 ന് തൃശൂരില്‍, സംസ്ഥാനത്താകെ വിതരണതിനൊരുങ്ങുന്നത് 13534 പട്ടയങ്ങള്‍

ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ നല്‍കാനൊരുങ്ങി വീണ്ടും തൃശൂര്‍ ജില്ല

തലമുറകളായി ജീവിച്ചു പോന്ന മണ്ണിന് പട്ടയം ലഭിക്കാന്‍ പോകുന്നതിൻ്റെ സന്തോഷത്തിലാണ് സംസ്ഥാനത്തെ 13534 കുടുംബങ്ങള്‍. കാലങ്ങളായി കൈവശം വെച്ചിരുന്ന ഭൂമിക്ക് അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുകയെന്ന സംസ്ഥാന സര്‍ക്കാറിൻ്റെ പ്രഖ്യാപിത നയമാണ് ഇവരെ ഭൂമിയുടെ അവകാശികളാക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവര്‍ കാലങ്ങളായി കൈവശം വെച്ച ഭൂമിക്ക് സപ്തംബര്‍ 14 ന് പട്ടയം വിതരണം ചെയ്യും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയം വിതരണത്തിന് തയ്യാറായിരിക്കുന്നത് ഇക്കുറിയും തൃശൂരില്‍ തന്നെയാണ്, 3575 പട്ടയങ്ങള്‍. 2423 പട്ടയങ്ങള്‍ കൊടുക്കാനൊരുങ്ങി ഇടുക്കി തൊട്ടുപുറകെയുണ്ട്. ഇതില്‍ വനഭൂമി പട്ടയങ്ങള്‍ ഏറ്റവും കൂടുതല്‍ വിതരണത്തിന് ഒരുങ്ങിയിരിക്കുന്നത് ഇടുക്കിയിലാണ്. 393 പട്ടയങ്ങള്‍.

സംസ്ഥാന, ജില്ല, താലൂക്ക് തല പട്ടയമേളകള്‍ സെപ്റ്റംബര്‍ 14ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ രാധാകൃഷ്ന്‍, ഡോ ആര്‍ ബിന്ദു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 40364 പട്ടയങ്ങള്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലഘട്ടത്തില്‍ കേരളത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം ഊഴത്തില്‍ സര്‍ക്കാര്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് റവന്യൂ വകുപ്പ് നടപടി ക്രമങ്ങള്‍ പാലിച്ച് തയ്യാറാക്കിയ 13534 പട്ടയങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തുന്നത്.തൃശൂര്‍ ടൗണ്‍ ഹാളിലാണ് സംസ്ഥാനതല ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം 14 ജില്ലാ കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലും പട്ടയമേളകള്‍ നടക്കും. താലൂക്ക്, ജില്ലാ കേന്ദ്രങ്ങളില്‍ ജില്ലകളിലെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന ശേഷം ബന്ധപ്പെട്ട വില്ലേജ് ഓഫീസുകള്‍ മുഖേന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പട്ടയം വിതരണം ചെയ്യും. ആദ്യ നൂറ് ദിനം കൊണ്ട് 12,000 പട്ടയങ്ങളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 13,500 പട്ടയങ്ങള്‍ വിതരണത്തിനായി സജ്ജമായിട്ടുണ്ട്.

പട്ടയം ലഭിക്കുന്നതിനായി നിരവധി അപേക്ഷകളാണ് റവന്യൂ വകുപ്പില്‍ ലഭിച്ചത്. ഇതു കൂടാതെ അദാലത്തുകള്‍ വഴിയും പുതിയ അപേക്ഷകള്‍ സ്വീകരിച്ചു. ഓരോ അപേക്ഷയും വില്ലേജ് തലത്തില്‍ അന്വേഷണം നടത്തിയാണ് പട്ടയം നല്‍കുന്നത്. താലൂക്കുകളില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാക്കിയത്. സംസ്ഥാന ഭരണകൂടത്തിന്റെയും റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയും പ്രയത്‌നമാണ് സ്വന്തം മണ്ണില്‍ ജീവിക്കാനും മരിക്കാനുമുള്ള ഈ കുടുംബങ്ങളുടെ ആഗ്രഹം സഫലമാകുന്നതിന് വഴിവെച്ചത്.

Related Posts