ദുബൈയിലെത്തുന്നവര്‍ക്ക് പി സി ആര്‍ പരിശോധനാ ഫലം നിര്‍ബന്ധം; പരിശോധനാ ഫലത്തില്‍ ക്യു ആര്‍ കോഡ് ഉണ്ടായിരിക്കണം
ദുബൈ: ദുബൈയിലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനിടെ നടത്തിയ പി സി ആര്‍ പരിശോധനാ ഫലം നിര്‍ബന്ധം. ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സ് തങ്ങളുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദുബൈയിലെ വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാണ്.
ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്‍ത്, ഇന്തോനേഷ്യ, ലെബനാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്‍, യു കെ, വിയറ്റ്‍നാം, സാംബിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലം നിർബന്ധമാക്കിയത്. പരിശോധനാ ഫലത്തില്‍ അവയുടെ ആധികാരികത പരിശോധിക്കാന്‍ സാധിക്കുന്ന ക്യു ആര്‍ കോഡ് ഉണ്ടായിരിക്കണം. ദുബൈ വിമാനത്താവളത്തില്‍ ദുബൈ ഹെല്‍ത്ത് അതോരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനാ ഫലം പരിശോധിക്കും. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച് ആറ് മണിക്കൂറിനകം മറ്റൊരു പി സി ആര്‍ പരിശോധനയ്‍ക്കും വിധേയമാകണം. ഇന്ത്യ ഉള്‍പ്പെടെയുള്ള 50ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ദുബൈയില്‍ എത്തിയ ശേഷവും പി സി ആര്‍ പരിശോധന നിര്‍ബന്ധമാണ്.