ഗ്രന്ഥപ്പുരയിൽ വി ടി പുനരവതരിച്ചു; പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പി ഡി പൗലോസിന്റെ എകാംഗ നാടകം

പെരിഞ്ഞനം: വി ടി യുടെ 125 മത് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി പെരിഞ്ഞനം ഗ്രന്ഥപ്പുരയിൽ വെച്ച് പി ഡി പൗലോസ് നടത്തിയ എകാംഗ നാടകം വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. പത്തിലധികം വരുന്ന സ്ത്രീ പുരുഷ കഥാപാത്രങ്ങൾ ശബ്ദത്തിലൂടെ അരങ്ങിലെത്തുന്നുണ്ടെങ്കിലും അഭിനയരംഗത്ത് ഒറ്റയാളായി പൗലോസ് നിറഞ്ഞാടി. വി ടി നേതൃത്വം നല്കിയ സാമുദായിക, സാമൂഹ്യ പരിഷ്കരണത്തെ കോർത്തിണക്കി 80 വർഷം മുൻപുള്ള കേരളത്തെ കുറിച്ച് ചിന്തിക്കാനും സമകാലീന സാമൂഹത്തെ വിലയിരുത്താനും പ്രേരിപ്പിക്കുന്നതായിരുന്നു നാടകം. നാടക രചയിതാവും സാഹിത്യകാരനുമായ ഇ ഡി ഡേവിസ് ആമുഖാവതരണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബഷീർ തൃപ്പാക്കുളം, സുധീഷ് അമ്മവീട്, സുനിൽ പി മതിലകം, ജീവൻ എം എസ്, അഡ്വ. കെ പി രവി പ്രകാശ്, പി ആർ പ്രഭ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഇ ജീനൻ, ലതാ മങ്കേഷ്കർ അനുസ്മരണവും, കെ ആർ സജിത, കെ പി എ സി ലളിത അനുസ്മരണവും നടത്തി.