വിമാനത്തിലെ മൂത്രമൊഴിക്കല്‍ രണ്ടാമതും; റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിൽ എയര്‍ ഇന്ത്യയ്ക്ക് പിഴ
ന്യൂഡല്‍ഹി: പാരീസിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിയതിനാലാണ് എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. റിപ്പോർട്ട് തേടുന്നതുവരെ എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചിട്ടില്ലായിരുന്നെന്ന് ഡിജിസിഎ അറിയിച്ചു. ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മദ്യപാനി മൂത്രമൊഴിച്ചതിന് ശേഷമാണ് പാരീസ്-ഡൽഹി വിമാനത്തിലും സമാനമായ സംഭവം നടന്നത്. പാരീസ്- ഡൽഹി വിമാനത്തിൽ മദ്യലഹരിയിലായിരുന്ന യുവാവ് യാത്രക്കാരന്‍റെ പുതപ്പിൽ മൂത്രമൊഴിച്ചു. ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ പുതപ്പിൽ മൂത്രമൊഴിച്ചയാൾ രേഖാമൂലം ക്ഷമാപണം നടത്തിയതിനാൽ നടപടിയുണ്ടായില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഡിസംബർ ആറിനു രാവിലെ 9.40ന് പാരീസിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ വിമാനത്തിലാണ് സംഭവം. പൈലറ്റടക്കം 143 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ലാൻഡ് ചെയ്തയുടൻ പൈലറ്റ് സംഭവത്തെക്കുറിച്ച് ഡൽഹി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു.