പാർലമെൻ്റിൽ ആളിക്കത്താൻ പെഗാസസ് വിവാദം; ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകും

ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കേ പെഗാസസ് വിവാദത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷ പാർടികൾ ശ്രമം തുടങ്ങി. 2017-ൽ പ്രതിരോധ കരാറിൻ്റെ ഭാഗമായി ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ യിൽ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ് വെയർ വാങ്ങിയിരുന്നു എന്ന ന്യൂയോർക്ക് ടൈംസിൻ്റെ വെളിപ്പെടുത്തൽ ഭരണപക്ഷത്തെ വല്ലാതെ വെട്ടിലാക്കിയിട്ടുണ്ട്. സുപ്രീം കോടതിയിൽ ഉൾപ്പെടെ പെഗാസസുമായി യാതൊരു ബന്ധവുമില്ല എന്ന നിലപാടാണ് കേന്ദ്രം ഇതേവരെ കൈക്കൊണ്ടിട്ടുള്ളത്.

ന്യൂയോർക്ക് ടൈംസിൻ്റെ വെളിപ്പെടുത്തലോടെ സർക്കാർ തീർത്തും പ്രതിരോധത്തിൽ ആവുന്ന സാഹചര്യമാണ്. പാർലമെൻ്റിനെയും സുപ്രീം കോടതിയെയും തെറ്റിദ്ധരിപ്പിച്ചു എന്ന ഗുരുതരമായ ആരോപണമാണ് സർക്കാർ നേരിടുന്നത്. പ്രക്ഷുബ്ധമായ മൺസൂൺ സമ്മേളനത്തെപ്പോലെ ബജറ്റ് സമ്മേളന കാലയളവിലും പെഗാസസ് വിവാദത്തിൽ പ്രതിപക്ഷ പാർടികൾ ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തും. ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ അവകാശ ലംഘനത്തിന് പ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. മുഴുവൻ പ്രതിപക്ഷ കക്ഷികളും ഇക്കാര്യത്തിൽ ഒന്നിച്ചു നിൽക്കാനാണ് സാധ്യത. എന്നാൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് എന്ന കാര്യം ചൂണ്ടിക്കാട്ടി സർക്കാർ പ്രതിപക്ഷ ആവശ്യം നിരാകരിച്ചേക്കും.

"പെഗാസസ് സ്പൈ വെയറുമായി യാതൊരു ബന്ധവുമില്ലെന്നും എൻഎസ്ഒ ഗ്രൂപ്പിൽനിന്ന് സോഫ്റ്റ് വെയർ വാങ്ങിയിട്ടില്ലെന്നുമാണ് ഇതേവരെ സർക്കാർ വാദിച്ചിരുന്നത്. എന്നാൽ ന്യൂയോർക്ക് ടൈംസിൻ്റെ വെളിപ്പെടുത്തലോടെ അത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നു. മോദി സർക്കാർ പാർലമെന്റിനെയും സുപ്രീം കോടതിയെയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്," ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് എഴുതിയ കത്തിൽ പറയുന്നു.

Related Posts