പെലെയുടെ സംസ്കാരം ചൊവ്വാഴ്ച്ച; സാന്റോസ് സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്ക്
സാന്റോസ്: ഫുട്ബോൾ ഇതിഹാസം പെലെയുടെ ശവസംസ്കാരം ചൊവ്വാഴ്ച ജന്മനാടായ സാന്‍റോസിൽ നടക്കും. എഡ്സൺ അരാന്‍റസ് ഡോ നാസിമെന്‍റോ എന്ന മുഴുവൻ പേരുള്ള പെലെ വ്യാഴാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. ബ്രസീലിയൻ ഇതിഹാസത്തിന് 82 വയസ്സായിരുന്നു പ്രായം. പെലെയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ മുതൽ സാന്‍റോസ് ക്ലബ്ബ് സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. അവിടെ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം ലഭിക്കും. ചൊവ്വാഴ്ച രാവിലെ വരെ പൊതുദർശനം തുടരും. പെലെയുടെ മൃതദേഹം സാന്‍റോസിലെ തന്നെ മെമ്മോയിൽ നെക്രോപോളെ എക്യൂമെൻസിയ സെമിത്തേരിയിൽ കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ സംസ്കരിക്കും.