ഒമാനില്‍ മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ; മുന്നറിയിപ്പ് നൽകി നഗരസഭ
മസ്‍കത്ത്: ഒമാനിലെ പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്ക് മസ്കറ്റ് മുനിസിപ്പാലിറ്റി വീണ്ടും മുന്നറിയിപ്പ് നൽകി. മസ്കറ്റിലെ അൽ ജബൽ ബൗഷർ സ്ട്രീറ്റിന്‍റെ മുകളിൽ നിന്ന് എടുത്ത ചില ചിത്രങ്ങൾ ഉൾപ്പെടെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്താണ് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പരിസ്ഥിതിയെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതിനെക്കുറിച്ച് ബോധവത്കരിക്കുകയാണ് കാമ്പയിന്‍റെ ലക്ഷ്യം. വിനോദ സഞ്ചാരികൾക്കായി സജ്ജമാക്കിയ കേന്ദ്രങ്ങളിൽ ശുചിത്വം പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നിയമപരമായ ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ, ഓരോ യാത്രക്കാരനും അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കണമെന്നും മുനിസിപ്പാലിറ്റി പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നു. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് 100 ഒമാനി റിയാൽ (21,000 ഇന്ത്യൻ രൂപയിലധികം) പിഴ ചുമത്തും.