മലയാളത്തിൽ ‘പരീക്ഷയെഴുതി’ ഇതര സംസ്ഥാനക്കാർ; ലേണേഴ്സ് ടെസ്റ്റ് ഇനി ആർ ടി ഓഫിസിൽ
തിരുവനന്തപുരം: ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ പണം വാങ്ങി അട്ടിമറി നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ആർ ടി ഒ, സബ് ആർ ടി ഓഫീസുകളിൽ ഇനി മുതൽ ലേണേഴ്സ് പരീക്ഷയുടെ ഓൺലൈൻ എഴുത്ത് സംവിധാനം ഏർപ്പെടുത്താൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പ്രതിമാസം 5,000-6,000 പേര് മലയാളത്തിൽ പരീക്ഷ എഴുതുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ലേണേഴ്സ് ടെസ്റ്റിന്‍റെ ഗുണനിലവാരം ഉറപ്പാക്കാനാണ് തീരുമാനമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് പറഞ്ഞു. അപേക്ഷകർ അതത് ആർ ടി ഒ, സബ് ആർ ടി ഓഫീസുകളിൽ ഓൺലൈനായി തീയതിയും സമയവും ബുക്ക് ചെയ്യുകയും നേരിട്ട് പരീക്ഷ എഴുതുകയും വേണം. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഓൺലൈനായി പരീക്ഷയെഴുതാൻ അപേക്ഷകരെ അനുവദിച്ചിരുന്നു. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. ഡ്രൈവിങ് സ്കൂളുകളും ഏജന്‍റുമാരുമാണ് അപേക്ഷകരിൽ നിന്ന് 3,000 മുതൽ 5,000 രൂപ വരെ വാങ്ങി അപേക്ഷകർക്കു വേണ്ടി പരീക്ഷയെഴുതിയതെന്ന് കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളികളും മലയാളത്തിൽ പരീക്ഷയെഴുതി വ്യാപകമായി വിജയിച്ചതായി കണ്ടെത്തിയിരുന്നു.