സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടത്തില്‍ ജനങ്ങൾ ജാഗ്രത പുലര്‍ത്തണം'

തിരുവനന്തപുരം: സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണത്തെക്കാൾ ഭീകരമായ സാഹചര്യം രാജ്യത്ത് സംജാതമാകാതിരിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കുമാരനാശാന്‍റെ 'സ്വാതന്ത്ര്യം തന്നെയമൃതം' എന്ന കവിതയും മുഖ്യമന്ത്രി ഉദ്ധരിച്ചു. വ്യത്യസ്ത മാർഗങ്ങളിലൂടെ ഒരേ ലക്ഷ്യത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു സ്വാതന്ത്ര്യസമരമെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സമ്മേളനമായിരുന്നു. ഈ സമ്മേളനത്തിലാണ് സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിലപാട് പറഞ്ഞത്. ഇന്ന് മറ്റ് നടപടിക്രമങ്ങളൊന്നും ഉണ്ടാകില്ല. ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് 11 ഓർഡിനൻസുകൾ റദ്ദാക്കപ്പെട്ട അസാധാരണ പശ്ചാത്തലത്തിലാണ് നിയമനിർമ്മാണത്തിനായി 10 ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്. ഗാന്ധിയുടെയും നെഹ്‌റ്രുവിന്‍റേയും സ്ഥാനത്ത് ബ്രിട്ടിഷുകാർക്ക് മുന്നിൽ മാപ്പ് അപേക്ഷ നൽകിയ ചിലരെ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇത് വളരെ ജാഗ്രതയോടെ കാണണം. ന്യൂനപക്ഷങ്ങളെ ശത്രുക്കളായാണ് കാണുന്നത്. അതിതീവ്ര ദേശീയതയും ദേശീയതയും കടലും കടലാടിയും തമ്മിലുള്ള ബന്ധമാണ്. ഇന്നത്തെ തീവ്രദേശീയതയും ഫാസിസ്റ്റ് രീതികളും ദേശീയതയുടെ സത്ത തന്നെ നശിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Posts