കൊവിഡിനെതിരെ ജനകീയ യുദ്ധം, ഉറവിടം കണ്ടെത്തുന്നവർക്ക് ഒരുലക്ഷം യുവാൻ വാഗ്ദാനം ചെയ്ത് ചൈനീസ് നഗരം
മാസങ്ങൾക്കുശേഷം ആശങ്കാജനകമായ രീതിയിൽ രോഗം വീണ്ടും പടർന്നുപിടിക്കുന്നതിനിടെ കൊവിഡിനെതിരെ ജനകീയ യുദ്ധം പ്രഖ്യാപിച്ച് ചൈനീസ് നഗരം. പകർച്ചവ്യാധിയുടെ പുതിയ ഉറവിടം കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം യുവാൻ സമ്മാനമായി നൽകുമെന്നാണ് സർക്കാരിൻ്റെ പ്രഖ്യാപനം.
കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം രണ്ടക്കത്തിലേക്ക് കടന്നതും ഇരുപതോളം പ്രവിശ്യകളിൽ രോഗം റിപ്പോർട്ട് ചെയ്തതും സർക്കാരിൻ്റെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. 'സീറോ കൊവിഡ് സ്ട്രാറ്റജി' പിന്തുടരുന്ന രാജ്യം അതിർത്തികൾ അടച്ചും കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കർശനമായ ക്വാറൻ്റൈൻ ഉപാധികൾ മുന്നോട്ടുവെച്ചുമാണ് രോഗത്തെ ഫലപ്രദമായി പിടിച്ചുകെട്ടിയിരുന്നത്.
40 നഗരങ്ങളിൽ പുതിയതായി കൊവിഡ് പകർന്നു പിടിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. റഷ്യയുമായി അതിർത്തി പങ്കിടുന്ന വടക്കൻ ചൈനീസ് നഗരമായ ഹൈഹെയിലാണ് രോഗവ്യാപനത്തിൻ്റെ ഉറവിടം കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം യുവാൻ സമ്മാനമായി വാഗ്ദാനം ചെയ്തിട്ടുള്ളത്. കള്ളക്കടത്ത്, അതിർത്തി കടന്നുള്ള മത്സ്യബന്ധനം, നിയമവിരുദ്ധമായ ഹണ്ടിംഗ് എന്നിവ ഉടനടി റിപ്പോർട്ട് ചെയ്യണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ഓൺലൈനിലൂടെ വിദേശ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നവർ പാഴ്സൽ എത്തിയാലുടൻ അണുവിമുക്തമാക്കണമെന്നും പരിശോധനയ്ക്ക് അയയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.