'ചോദ്യം ഉത്തരം' പരമ്പരയുമായി പെരിഞ്ഞനം ജി യു പി എസ്
ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ വീഡിയോ പരമ്പരയുമായി പെരിഞ്ഞനം ജി യു പി എസ്. വിദ്യാലയങ്ങളിൽ ഷോർട്ട് ഫിലിം നിർമ്മിക്കുന്നത് സാധാരണമാണെങ്കിലും ചോദ്യോത്തരം എന്ന ആശയത്തെ മുൻനിർത്തിയുള്ള പരമ്പര ആദ്യമാണ്. കുട്ടിക്കാലം മുതൽ കേൾക്കുന്നതും കാണുന്നതുമായ പല വസ്തുക്കൾക്കും ചിഹ്നങ്ങൾക്കും ചോദ്യങ്ങൾക്കും പിന്നിലുള്ള യഥാർത്ഥ ഉത്തരങ്ങളെ അവതരിപ്പിക്കുകയാണ് 'ചോദ്യം ഉത്തരം' എന്ന പരമ്പര.
കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഒരു പോലെ കൗതുകമുണർത്തുന്ന ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്തി ആസ്വാദകരമായ രീതിയിൽ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കൂടി ചേർന്നൊരുക്കുന്ന ദൃശ്യാവിഷ്ക്കാരമാണിത്. പത്രത്താളുകളിൽ കാണുന്ന വർണ്ണാഭമായ നാല് ഡോട്ടുകളുടെ ചരിത്രം ചികയുന്നതാണ് ആദ്യത്തെ പരമ്പര. രസകരമായ രീതിയിൽ ഒരു അമ്മയും മകളും തമ്മിലുള്ള സംഭാഷണം എന്ന നിലയിലാണ് ആവിഷ്കാരം.
ഷോർട്ട് ഫിലിം സംവിധായകനായ ഷെമീർ പതിയാശ്ശേരിയാണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. സിംബാദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന വീഡിയോ സ്കൂൾ തുറക്കുന്നതിനോടൊപ്പം പ്രകാശനം ചെയ്യാനാണ് തീരുമാനം.
പരമ്പരയുടെ സ്വിച്ച് ഓൺ കർമ്മം സ്കൂൾ അങ്കണത്തിൽ പ്രധാനധ്യാപിക ടി എ രാജശ്രീ നിർവ്വഹിച്ചു. അധ്യാപകരായ ഷാജീവ്, ബബിദ, സേതു പാർവ്വതി, മൗറിൻ, അമ്പിളി, ഫസൽ തുടങ്ങിയവർ സംബന്ധിച്ചു.