പെരിഞ്ഞനം തിര തീരോത്സവത്തിന് തുടക്കമായി

അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പെരിഞ്ഞനം തിര തീരോത്സവത്തിന് തുടക്കമായി. പെരിഞ്ഞനം ആറാട്ടുകടവ് ബീച്ചിൽ നടക്കുന്ന തീരോത്സവം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ഗിരിജ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിനീത മോഹൻദാസ് അധ്യക്ഷയായി. തിര തീരോത്സവം ജനറൽ കൺവീനർ കെ.കെ.സച്ചിത്ത്, രക്ഷാധികാരി പി.കെ.ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.കെ.ബേബി, വാർഡ് മെമ്പർ എം.പി.സ്നേഹദത്ത്, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഹേമലത രാജ്ക്കുട്ടൻ, പഞ്ചായത്തംഗം വി.എം.ഉണ്ണികൃഷ്ണൻ, തിര തീരോത്സവം വൈസ് ചെയർമാൻ സജീവ് പീടികപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. തുടർന്ന് ചലച്ചിത്ര താരവും, നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന തിര നൃത്തം അരങ്ങേറി.

22 -ന് വൈകീട്ട് നടക്കുന്ന സാംസ്ക്കാരിക സായാഹ്നം ഇ.ടി ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കവി ഗോപീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴ് മണിക്ക് നിപിൻ നിരവത്ത് സൈക്കോളജിക്കൽ എൻ്റർറ്റൈയ്ൻമെൻ്റ് ഷോയായ തീര വിസ്മയം അവതരിപ്പിക്കും.

23-ന് വൈകീട്ട് പ്രകാശൻ മതിലകത്തിൻ്റെ കടലാഴങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ് സംവിധായകൻ കമൽ നിർവ്വഹിക്കും. ചലച്ചിത്ര താരം ലിഷോയ് പുസ്തകം ഏറ്റുവാങ്ങും. രാത്രി ഏഴിന് ചലച്ചിത്ര പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന തീര സംഗീതം അരങ്ങേറും.

തീരോത്സവത്തിന്റെ നാലാം ദിവസമായ 24-ന് വൈകീട്ട് നടക്കുന്ന ചടങ്ങ് ആലപ്പുഴ പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് പാട്ടരങ്ങും, തെയ്യം, തിറ തുടങ്ങിയ നാടൻ കലാരൂപങ്ങളും അരങ്ങിലെത്തും. 25 - ന് വൈകീട്ട് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഡേവിസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രാദേശിക കലാകാരന്മാർ അണിനിരക്കുന്ന വിവിധ പരിപാടികൾ നടക്കും. വാട്ടർ ഡ്രം ഡി.ജെയോടെ തീരോത്സവത്തിന് സമാപനമാകും.

Related Posts