നാളെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി; അതിരൂക്ഷമായ കൊവിഡ് വ്യാപനം
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിലാണ്. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നാളെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും.റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ പാഴ്‌സലുകള്‍ക്കായി തുറക്കാം.
പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറികള്‍, പാലും പാലുത്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, കള്ളുഷാപ്പുകള്‍, കൂറിയര്‍, ഇ-കോമേഴ്സ് തുടങ്ങിയവ രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കാം. ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായതിനാല്‍ ഇന്ന് കടകളിലും മറ്റും തിരക്കിന് സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
വിവാഹം, മരണാനനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍. അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ തുറക്കാം. ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും സ്റ്റേ വൗച്ചേഴ്സ് ഹാജരാക്കിയാല്‍ വിനോദസഞ്ചാരികളുടെ കാറുകളും ടാക്‌സി വാഹനങ്ങളും അനുവദിക്കും. ഞായറാഴ്ച ജോലിചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാം. പരീക്ഷകള്‍ക്ക് പോകുന്നവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ കൈവശംവെച്ച് യാത്രചെയ്യാം. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാട്ടിയാല്‍ സഞ്ചരിക്കാം. കെഎസ്ആര്‍ടിസി ഞായറാഴ്ച യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസ് .