കന്യാസ്ത്രീ പീഡനം; കരഞ്ഞത് മതി, ഇനി എന്തെങ്കിലും ചെയ്യാമെന്ന് ഡോ. ജെ ദേവിക
കന്യാസ്ത്രീ പീഡന കേസിൽ കുറ്റാരോപിതനായ ഫ്രാങ്കോയെ കോടതി വെറുതേവിട്ടതിൽ കരഞ്ഞത് മതിയെന്നും ഇനി എന്തെങ്കിലും ചെയ്യാമെന്നും എഴുത്തുകാരിയും ഗവേഷകയുമായ ഡോ. ജെ ദേവിക. കരയാൻ എളുപ്പമാണ്. കൂടെ നിൽക്കാൻ പ്രയാസവും. നീതി നിഷേധിക്കപ്പെട്ടവർക്ക് ഫേസ്ബുക്ക് സോളിഡാരിറ്റി പോരെന്നും അവർ അഭിപ്രായപ്പെട്ടു.
തെരുവ് സമരങ്ങൾ വേണ്ട എന്നു പറയുന്നില്ല. പക്ഷേ അവ ഇപ്പോൾ പഴയതുപോലെയല്ല. കൈയൂക്ക് ഉള്ളവർക്ക് പൊലിപ്പിക്കാനുള്ള അവസരങ്ങളാണ് അധികവും. അധികാരശൂന്യർ ആണെങ്കിൽ സ്വയം സമാധാനിക്കാൻ ഉള്ള മാർഗവും. എങ്കിലും ചില സന്ദർഭങ്ങളിൽ അവ അനിവാര്യമാണ്. ശക്തമായ എതിർ വ്യവഹാരങ്ങൾ ഉണ്ടായാൽ മാത്രമേ അവ വിജയിക്കൂ. മാത്രമല്ല, ഇപ്പോൾ തെരുവ് സമരങ്ങൾ പൊലീസിന് ആക്ടിവിസ്റ്റുകളെ ഉപദ്രവിക്കാനുള്ള അവസരം കൂടിയാണ്. അനാവശ്യ വകുപ്പുകൾ ചേർത്ത് കേസ് എടുക്കുന്നതുൾപ്പെടെ പതിവാണ്.
ജനങ്ങളുടെ ഭാവനയെ ഉണർത്താൻ പറ്റുന്ന സമരങ്ങളാണ് ഇനി വേണ്ടതെന്ന് ദേവിക പറഞ്ഞു. ആയാസം ഏറാതെ കൂടുതൽ സമയം പിടിച്ചുനിൽക്കാൻ കഴിയണം. സമരം ചെയ്യേണ്ടത് ആക്ടിവിസ്റ്റുകൾ ആണെന്ന ധാരണ മാറ്റി എടുക്കേണ്ടതുണ്ട്. സമരം നടത്തി കൊടുക്കപ്പെടും എന്നൊക്കെ ചിലർ പരിഹസിക്കാറുണ്ട്. പക്ഷേ അതിനുത്തരവാദി അവർ തന്നെ. കാരണം സമരം ജനങ്ങളുടേതാണെങ്കിൽ ആക്ടിവിസ്റ്റ് സ്പെഷ്യലിസ്റ്റുകൾ അപ്രസക്തമാകുമായിരുന്നു. കാര്യമായ നേതൃനിയന്ത്രണം ആവശ്യമില്ലാത്ത സമരമാണ് വേണ്ടത്.
ഇക്കാര്യത്തിൽ രണ്ട് ആശയങ്ങളും ദേവിക മുന്നോട്ടുവെച്ചു. ഒന്ന്, ഒരു പത്ത് രൂപാ ഫണ്ട്. മേൽക്കോടതിയിൽ കേസിന് ആവശ്യമായ പണം ജനങ്ങളിൽ നിന്നും സ്വരൂപിക്കണം. ഇപ്പോൾ കേസ് നടത്തിയവർ തന്നെ മാനേജ് ചെയ്യും വിധത്തിലാവണം അതിൻ്റെ രൂപീകരണം. പത്തു രൂപയോ അതിൻ്റെ ഗുണിതങ്ങളോ പരസ്യമായും അല്ലാതെയും കൊടുക്കുക. പരസ്യമായി കൊടുക്കുന്നവർ അത് പൊതുവിൽ അറിയിക്കണം. രണ്ടാമതായി, കുറ്റാരോപിതനെ പൊതു സമൂഹത്തിൽ തുറന്നു കാട്ടുന്ന രീതിയിൽ പത്ര മാധ്യമങ്ങളിലും മാസികകളിലും ടിവി ചാനലുകളിലും പരസ്യം ചെയ്യുക. അതിന് പറ്റിയില്ലെങ്കിൽ വീടിൻ്റെ പുറം മതിലുകളിലും കോളെജ് ബുള്ളറ്റിൻ ബോർഡുകളിലും ടീ ഷർട്ടുകളിലും ഉൾപ്പെടെ കാഴ്ച ഉള്ള എവിടെയും ആ ആശയം പ്രചരിപ്പിക്കുക.