6 ലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വിറ്റതായി റിപ്പോർട്ട്; ഒരു ഡിജിറ്റൽ ഐഡന്റിറ്റിക്ക് 490 രൂപ

ബെംഗളൂരു: ആഗോളതലത്തിൽ ഏകദേശം 50 ലക്ഷത്തോളം വ്യക്തികളുടെ വിവരങ്ങൾ ബോട്ട് മാർക്കറ്റിൽ വിറ്റഴിച്ചതായി റിപ്പോർട്ട്. ഇതിൽ 60,0000 പേർ ഇന്ത്യക്കാരാണ്. ലോകത്തിലെ ഏറ്റവും വലിയ വി.പി.എൻ സേവന ദാതാക്കളിൽ ഒന്നായ നോർഡ് വിപിഎൻ ആണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. ഹാക്കർമാർ മാൽവെയർ ഉപയോഗിച്ച് ഇരകളുടെ ഉപകരണങ്ങളിൽ നിന്ന് ഡാറ്റ മോഷ്ടിച്ച് ബോട്ട് മാർക്കറ്റിൽ വിൽക്കുകയാണ് ചെയ്തത്. ലിത്വാനിയയിലെ നോർഡ് സെക്യൂരിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന നോര്‍ഡ് വിപിഎൻ നടത്തിയ പഠനമനുസരിച്ച്, മോഷ്ടിച്ച ഡാറ്റയിൽ ഉപഭോക്തൃ ലോഗിൻ, കുക്കീസ്, ഡിജിറ്റൽ ഫിംഗർപ്രിന്റുകൾ, സ്ക്രീൻഷോട്ടുകൾ, മറ്റ് വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഒരു വ്യക്തിയുടെ ഡിജിറ്റൽ ഐഡന്‍റിറ്റിയുടെ ശരാശരി വില 490 ഇന്ത്യൻ രൂപയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2018 ലാണ് ബോട്ട് മാർക്കറ്റുകൾ ആരംഭിച്ചത്. അന്ന് മുതൽ നോര്‍ഡ് വിപിഎന്‍ ഇത് നിരീക്ഷിച്ച് വരികയാണ് എന്നാണ് വിവരം. കുറച്ച് കാലമായി ഇന്ത്യയിൽ സൈബർ സുരക്ഷാ പ്രശ്നങ്ങൾ നിലവിലുണ്ട്. രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ഉന്നത വ്യക്തികൾ ചികിത്സയ്ക്ക് എത്തുന്ന ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ ഒന്നിലധികം സെർവറുകൾ കഴിഞ്ഞ മാസം ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നെറ്റ്‌വർക്കിൽ 24 മണിക്കൂറിൽ 6,000 ഹാക്കിംഗ് ശ്രമങ്ങൾ നടന്നതായും റിപ്പോർട്ട് ഉണ്ട്.

Related Posts