കേരള സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റ്; വാദ്യ വിസ്മയം തീർത്ത് പെരുവനം കുട്ടൻ മാരാരുടെ ഇലഞ്ഞിത്തറമേളം
തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഹ്രസ്വ വർഷാന്ത സാംസ്കാരികോത്സവമായ ഹോപ്പ് ഫെസ്റ്റിന്റെ ആരംഭദിനമായ ഡിസംബർ 29 ന് കലാസ്വാദകരുടെ ഹൃദയത്തിൽ വാദ്യവിസ്മയം തീർത്ത് പെരുവനം കുട്ടൻ മാരാരും സംഘവും. തൃശ്ശൂർ പൂരത്തിന്റെ വാദ്യപ്പെരുമ ലോകത്തിന്റെ നെറുകയിലെത്തിച്ച പെരുവനം കുട്ടൻ മാരാരുടെ ഇലഞ്ഞിത്തറമേളം അതേ ഗാംഭീര്യത്തോടും ശോഭയോടും കൂടി അക്കാദമി അങ്കണത്തിൽ അവതരിപ്പിക്കപ്പെടുകയായിരുന്നു. നൂറ്റമ്പത് കലാകാരന്മാരാണ് അണിനിരന്നത്. കൊവിഡ് പ്രതിസന്ധിയാൽ ജീവിതം വഴിമുട്ടിയ നിരവധി വാദ്യ കലാകാരന്മാർക്കുള്ള അതിജീവനത്തിന്റെ പാത കൂടിയാണ് ഇതിലൂടെ അക്കാദമി തുറന്നു കൊടുത്തത്. ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം ഇത്രയധികം വാദ്യകലാകാരന്മാരുടെ പങ്കാളിത്തത്തോടെ മറ്റ് വേദികളിൽ അവതരിപ്പിക്കുന്നതും അത്യപൂർവ്വമാണ്.