മേയർക്കെതിരായ പ്രതിഷേധം തടയണമെന്ന് ഡെപ്യൂട്ടി മേയറുടെ ഹർജി; തള്ളി ഹൈക്കോടതി
തിരുവനന്തപുരം: നിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരായ പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയർ നൽകിയ ഹർജി കോടതി തള്ളി. പി എഫ് ഐ നേരത്തെ നടത്തിയ സംസ്ഥാന ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാനായിരുന്നു ഡെപ്യൂട്ടി മേയർ ഹർജി നൽകിയത്. സമരം പാടില്ലെന്ന് പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. പ്രതിഷേധക്കാർ മേയറുടെ ഓഫീസിന്‍റെ പ്രവർത്തനം തടയുകയും കോർപ്പറേഷന്‍റെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ഹർജിയിലെ ആരോപണം. പൊതുമുതൽ നശിപ്പിച്ചാൽ പ്രത്യേക ഹർജി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടതി ഹർജി തള്ളിയത്. കോർപ്പറേഷനിലെ ശുപാർശ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. സോഷ്യൽ മീഡിയ വഴി പ്രചരിച്ച കത്ത് കോർപ്പറേഷനിൽ തന്നെ തയ്യാറാക്കിയതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. വാട്ട്സ്ആപ്പ് വഴി ആരാണ് ഇത് തയ്യാറാക്കി അയച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിക്കേണ്ടിവരും. കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയതിനാൽ പല സുപ്രധാന തെളിവുകളും നശിപ്പിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് നേരത്തെ ആര്യ രാജേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശുപാർശ കത്ത് വ്യാജമാണെന്ന ആര്യ രാജേന്ദ്രന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ കേസെടുത്ത് അന്വേഷണം നടത്തുന്നത്.