പെട്രോള്‍, ഡീസല്‍ വില വര്‍ധന ചൊവ്വാഴ്ച മുതല്‍; ലിറ്ററിന് ഒന്‍പതു രൂപ കൂടും
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം രാജ്യത്ത് ഇന്ധന വില പുനര്‍നിര്‍ണയം അടുത്തയാഴ്ച പുനരാരംഭിക്കും. അവസാന ഘട്ട വോട്ടെടുപ്പു നടക്കുന്ന ഏഴിനോ പിറ്റേന്നോ വില പുനര്‍ നിര്‍ണയം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് എണ്ണ കമ്പനികള്‍. ഇപ്പോഴത്തെ നില വച്ച് ലിറ്ററിന് ഒന്‍പതു രൂപ കുറവിലാണ് പെട്രോളും ഡീസലും വില്‍ക്കുന്നതെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍. ഉക്രൈന്‍ പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 110 ഡോളറിനു മുകളിലാണ് ഇന്നത്തെ വില. 2014നു ശേഷം ആദ്യമായാണ് ക്രൂഡ് വില ഈ നിലയില്‍ എത്തുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് രാജ്യത്ത് ഇന്ധന വില പുനര്‍നിര്‍ണയം മരവിപ്പിച്ചത്. തെരഞ്ഞെടുപ്പു ഘട്ടങ്ങളില്‍ സര്‍ക്കാരില്‍നിന്നുള്ള അനൗദ്യോഗിക നിര്‍ദേശത്തെ തുടര്‍ന്ന് വില പുനര്‍ നിര്‍ണയം നിര്‍ത്തിവയ്ക്കുന്നത് ഏറെ നാളായി തുടര്‍ന്നു വരുന്ന രീതിയാണ്. ബാരലിന് 81.5 ഡോളര്‍ ആയിരുന്നു പുനര്‍നിര്‍ണയം നിര്‍ത്തിവയ്ക്കുമ്പോള്‍ അസംസ്‌കൃത എണ്ണയുടെ ശരാശരി വില. ഇപ്പോള്‍ അത് 102 ഡോളര്‍ ആയിട്ടുണ്ട്.
വില പുനര്‍നിര്‍ണയം മരവിപ്പിച്ചതിലൂടെ പൊതു മേഖലാ എണ്ണ കമ്പനികള്‍ക്ക് പെട്രോളിനും ഡീസലിനും ലിറ്ററിന് 5.70 രൂപയുടെ നഷ്ടമുണ്ടാവുന്നുണ്ടെന്നാണ് കണക്ക്. രണ്ടര രൂപ ലാഭം കൂടി കണക്കിലാക്കിയാല്‍ വിടവ് എട്ടു രൂപയില്‍ കൂടുതലാവും. പുനര്‍നിര്‍ണയം തുടങ്ങിയാല്‍ ഒറ്റയടിക്കോ ഇടവിട്ടോ ഒന്‍പതു രൂപയുടെ വര്‍ധന പെട്രോളിനും ഡീസലിനും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.