പി ജി ഡോക്ടർമാർ സമരം ഭാഗികമായി പിൻവലിച്ചു; അത്യാഹിത വിഭാഗത്തിൽ ജോലിക്ക് കയറും ഒ പി, വാർഡ് ഡ്യൂട്ടി ബഹിഷ്‌കരണം തുടരും

പി ജി ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം ഭാഗികമായി പിൻവലിച്ചു. ഇന്ന് മുതൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ പ്രവേശിക്കും. സർക്കാർ അഭ്യർത്ഥനയും രോഗികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനമെന്ന് കെഎംപിജിഎ അറിയിച്ചു. അതേസമയം ഒ.പി വാർഡ് ബഹിഷ്കരണം തുടരാനാണ് പി ജി ഡോക്ടർമാരുടെ തീരുമാനം. അത്യാഹിത വിഭാഗം, ലേബർ റൂം, ശസ്ത്രക്രിയ തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാർ രാവിലെ എട്ടുമണി മുതൽ ജോലിക്ക് പ്രവേശിച്ചു തുടങ്ങി. ഇന്നലെ ആരോഗ്യമന്ത്രി വീണാജോർജുമായി നടത്തിയ ചർച്ചയിൽ അനുകൂലമായ തീരുമാനം വന്നതിനെ തുടർന്നാണ് സമരം മയപ്പെടുത്താൻ തീരുമാനിച്ചത്. പി ജി ഡോക്ടർമാരുടെ ജോലിഭാരം പരിശോധിക്കുന്നതിനായി സമിതിയെ നിയോഗിക്കാനായി ഇന്നലെ മന്ത്രി നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തിരുന്നു. ഫണ്ടിന്റെ കുറവ് മൂലമാണ് സ്റ്റൈപ്പന്റ് വർധനവ് നടപ്പാക്കാൻ കഴിയാത്തതെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയേതുടർന്നാണ് അത്യാഹിത വിഭാഗം ബഹിഷ്കരിച്ചുള്ള സമരം പിൻവലിക്കുന്നതെന്നും സർക്കാർ ആവശ്യങ്ങൾ പൂർണമായും പരിഹരിക്കുന്നത് വരെ സമരം തുടരുമെന്നും മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുമയി ഇന്ന് നടക്കുന്ന ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പി ജി ഡോക്ടർമാർ അറിയിച്ചു. അതേസമയം പി ജി ഡോക്ടർമാരുടെ സമരത്തിനുള്ള പ്രത്യക്ഷ പിന്തുണ മെഡിക്കൽ കോളജ് ഹൗസ് സർജൻസ് പിൻവലിച്ചു. കെഎംപിജിഎയെ പിന്തുണച്ച് ഇനി സമരം ചെയ്യില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യങ്ങളിൽ സർക്കാർ അനുഭാവപൂർവമായ ഇടപെടൽ നടത്തിയെന്നും ഹൗസ് സർജൻസ് അറിയിച്ചു.

Related Posts