അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഈ വർഷം പിഎച്ച്ഡി നിർബന്ധമല്ല
സർവകലാശാലകളിലും കോളെജുകളിലും അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിന് ഈ വർഷം പിഎച്ച്ഡി നിർബന്ധമാക്കേണ്ടെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസായ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് ഈ വർഷം തസ്തികയിലേക്ക് അപേക്ഷിക്കാം. കോവിഡ് -19 സാഹചര്യം കണക്കിലെടുത്താണ് ഇളവ് അനുവദിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് തീരുമാനം അറിയിച്ചത്.
സർവകലാശാലകളിലും കോളെജുകളിലും എൻട്രി ലെവൽ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റുകളുടെ മാനദണ്ഡം 2018 ലാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ പുതുക്കി നിശ്ചയിച്ചത്. അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനത്തിന് മിനിമം യോഗ്യതയായി പിഎച്ച്ഡി നിശ്ചയിച്ചിരുന്നു. ഉദ്യോഗാർഥികൾക്ക്
പിഎച്ച്ഡി പൂർത്തിയാക്കാൻ മൂന്ന് വർഷത്തെ വിൻഡോ പിരീഡ് അനുവദിക്കുകയും ചെയ്തു. അതു പ്രകാരം സർവകലാശാലകളോടും കോളെജുകളോടും 2021-22 അക്കാദമിക് വർഷം മുതൽ പുതുക്കിയ നിയമന മാനദണ്ഡങ്ങൾ നടപ്പിലാക്കാനും നിർദേശം നല്കി. കൊവിഡ് പ്രതിസന്ധി മൂലം, നിരവധി പേർക്ക് ഈ വർഷം പിഎച്ച്ഡി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. യോഗ്യതയിൽ ഇളവ് വരുത്താൻ അവർ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.
നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസായ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് ഈ വർഷവും അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇതു സംബന്ധിച്ച സർക്കുലർ യുജിസി ഉടൻ പുറത്തിറക്കും. ഒഴിവുള്ള മുഴുവൻ സീറ്റുകളിലും നിയമനം വേഗത്തിലാക്കാൻ തീരുമാനം സഹായകമാവും.
കേന്ദ്ര സർവകലാശാലകളിലെ 6000 ത്തോളം അധ്യാപക ഒഴിവുകളിലേക്കുള്ള നിയമന നടപടികൾ ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കണമെന്ന് നേരത്തേ നിർദേശം നൽകിയിരുന്നു.