ഫിഷിങ്ങിനെതിരെ ജാഗ്രത വേണം; മുന്നറിയിപ്പുമായി സൈബർ ഡോം

ഫിഷിങ്ങ് സൈറ്റുകൾക്കും ലിങ്കുകൾക്കും എതിരെ മൊബൈൽ ഉപയോക്താക്കൾ വലിയ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിൻ്റെ സൈബർ ഡോം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും അക്കൗണ്ട് ഡീറ്റെയ്ൽസ് ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങളും ചോർത്തിയെടുക്കുന്നതാണ് ഫിഷിങ്ങ്. യഥാർഥ ഫിഷിങ്ങിലേതുപോലെ ആകർഷകമായ ഇരയിട്ടാണ് ഓൺലൈനിലെ ഫിഷിങ്ങും നടക്കുന്നത്. യഥാർഥമെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിക്കുന്ന സൈറ്റ് അഡ്രസ്സുകളും ലിങ്കുകളുമാണ് തട്ടിപ്പുകാർ അയച്ചുതരുന്നത്.

നാം നിത്യേന ഉപയോഗിക്കുന്ന വെബ്സൈറ്റുകളോടും വെബ് അഡ്രസ്സുകളോടും സാമ്യം തോന്നുന്ന രീതിയിൽ നിർമിക്കപ്പെടുന്ന വെബ്സൈറ്റുകളെയും വെബ് അഡ്രസ്സുകളെയുമാണ് ഫിഷിങ്ങ് സൈറ്റ് അല്ലെങ്കിൽ ഫിഷിങ്ങ് ലിങ്ക് എന്നു പറയുന്നുത്. പലവിധ സോഷ്യൽ എഞ്ചിനീയറിംഗ് മാർഗങ്ങളിലൂടെ പൊതുജനങ്ങളിലേക്ക് എത്തുന്ന ഇവ ഒറിജിനൽ വെബ്സൈറ്റോ ഔദ്യോഗിക ലിങ്കോ ആണെന്ന ധാരണയിൽ വിലപ്പെട്ട വിവരങ്ങൾ നൽകിയാൽ യൂസർനെയിം, പാസ് വേഡ് പോലുള്ള വ്യക്തിഗതമായ വിവരങ്ങളും മറ്റു സാമ്പത്തിക വിവരങ്ങളും തട്ടിപ്പുകാരിൽ എത്തിപ്പെടും. അതുവഴി അക്കൗണ്ടുകൾ ഹാക്ക് ചെയ്യുവാനും സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാനും സാധ്യതയുണ്ട്.

ഇത്തരം ഫിഷിങ്ങ് ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകി തട്ടിപ്പിന് ഇരയാകാതിരിക്കാനും അധിക സുരക്ഷയ്ക്കായി 'ടു ഫാക്റ്റർ ഓഥന്റിക്കേഷൻ' എനേബിൾ ചെയ്യുവാനും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് സൈബർ ഡോം നൽകുന്ന മുന്നറിയിപ്പ്.

Related Posts