ആര്യന്റെ അറസ്റ്റിനു പിന്നാലെ ഷാരൂഖിന് ഫോൺകോൾ പ്രവാഹം

ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയിൽ മകൻ ആര്യൻ ഖാൻ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായതിനു പിന്നാലെ സൂപ്പർതാരം ഷാരൂഖ് ഖാന് സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും ഫോൺ കോളുകളും സന്ദേശങ്ങളും പ്രവഹിക്കുകയാണെന്ന് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. അറസ്റ്റിന് തൊട്ടു പിന്നാലെ സൽമാൻ ഖാനും സഹോദരി അൽവിറയും മുംബൈയിലെ 'മന്നത്ത് ' എന്ന ഷാരൂഖിന്റെ വസതിയിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സുനിൽ ഷെട്ടിയും സുചിത്ര കൃഷ്ണമൂർത്തിയും ഉൾപ്പെടെ ചിലർ ഷാരൂഖിനെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു. താരപുത്രനെ കെണിയിൽ കുടുക്കിയതാണ് എന്ന തരത്തിലാണ് 'കഭി ഹാൻ കഭി നാ' എന്ന ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി അഭിനയിച്ച സുചിത്ര കൃഷ്ണമൂർത്തിയുടെ പ്രതികരണം.

റാണി മുഖർജി, കാജോൾ, ദീപിക പദുക്കോൺ, അനുഷ്ക ശർമ തുടങ്ങിയ താരങ്ങളും രോഹിത് ഷെട്ടി, ആനന്ദ് എൽ റായ്, ആദിത്യ ചോപ്ര, കരൺ ജോഹർ തുടങ്ങിയ സംവിധായകരും ഷാരൂഖിനെ ഫോണിൽ ബന്ധപ്പെട്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഫോൺ കോളുകൾക്കു പുറമേ സന്ദേശങ്ങൾ അയച്ചും കുടുംബത്തെ സഹപ്രവർത്തകർ ആശ്വസിപ്പിക്കുന്നുണ്ട്.

അതിനിടെ മന്നത്തിൽ നേരിട്ട് എത്തരുതെന്ന് ഷാരൂഖ് സഹപ്രവർത്തകരോട് അഭ്യർഥിച്ചതായി സൂചനകളുണ്ട്. ഷാരൂഖിനു പുറമേ ഭാര്യ ഗൗരി ഖാന്റെ നിരവധി സുഹൃത്തുക്കളും മന്നത്തിൽ എത്തിയിരുന്നു. സെലിബ്രിറ്റികളുടെ ഒഴുക്ക് മൂലം ആറുനില സൗധത്തിനു ചുറ്റും മാധ്യമങ്ങൾ സദാസമയവും നിലയുറപ്പിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ ഉൾപ്പെടെ ഉള്ളതിനാൽ നേരിട്ടു വരുന്നത് ഒഴിവാക്കാനാണ് സുഹൃത്തുക്കളോട് താരദമ്പതികൾ ആവശ്യപ്പെട്ടതെന്നാണ് വാർത്തകൾ.

Related Posts