ടോയ്ലറ്റിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്
തൊണ്ണൂറ് ശതമാനം ആളുകളും ടോയ്ലറ്റിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണെന്ന് അടുത്തിടെ പുറത്തുവന്ന ഒരു പഠനം പറയുന്നു. ഒരു പക്ഷേ നിങ്ങൾ ഈ റിപ്പോർട്ട് വായിക്കുന്നതു പോലും ടോയ്ലറ്റിൽ ഇരുന്നാകാം. എങ്കിൽ സൂക്ഷിക്കേണ്ടതുണ്ട്. എന്തെല്ലാമാണ് ടോയ്ലറ്റിലെ ഫോൺ ഉപയോഗത്തിൻ്റെ അപകടങ്ങൾ എന്ന് നോക്കാം.
'ആപ്പി'ലാവാൻ സാധ്യത
മനുഷ്യരുടെ ഏറ്റവും സ്വകാര്യമായ ഇടങ്ങളിൽ ഒന്നാണ് ടോയ്ലറ്റ്. ഹാക്കിങ്ങിൻ്റെയും സ്പൈ വെയറുകളുടെയും ഹിഡൻ ആപ്പുകളുടെയും കാലത്ത് ടോയ്ലറ്റിലെ ഫോൺ ഉപയോഗം നിങ്ങളെ കെണിയിൽ പെടുത്തിയേക്കാം. ഉപയോക്താവ് അറിയാതെ ഒളിഞ്ഞിരിക്കുന്ന ആപ്പുകൾ വഴി രഹസ്യമായി ക്യാമറകൾ പോലും പ്രവർത്തിപ്പിക്കാൻ ഹാക്കർമാർക്ക് കഴിയും.
അപകടകരമായ കീടാണുക്കൾ
ടോയ്ലറ്റിലെ ഫോൺ ഉപയോഗം അനാരോഗ്യകരമായ ശീലമാണെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ പറയുന്നു. കീടാണുക്കളുടെ കൂടാരമാണ് ശുചിമുറികൾ. നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്ത ഒട്ടേറെ കീടാണുക്കൾ ടോയ്ലറ്റിൽ ഉണ്ടാകും. എത്ര വൃത്തിയായി സൂക്ഷിക്കുന്ന ടോയ്ലറ്റിലും ഇതാണവസ്ഥ. സാൽമൊണല്ല, ഇ-കോളി, ക്ലോസ്ട്രിഡിയം ഡിഫിസൈൽ കൊളൈറ്റിസ് ഉൾപ്പെടെ അനവധിയായ ബാക്റ്റീരിയകളും ഫംഗസുമെല്ലാം അവിടെ കാണും. ഈ അണുക്കൾ ഫോണിൽ സ്പർശിക്കാൻ ഇടയായാൽ മഹാവ്യാധികൾ വരാൻ മറ്റൊന്നും വേണ്ട.
ആരോഗ്യ പ്രശ്നങ്ങൾ
ഫോണുമായാണ് ടോയ്ലറ്റിൽ പ്രവേശിക്കുന്നതെങ്കിൽ ഒരു കാര്യം ഉറപ്പാണ്. ആവശ്യമുള്ളതിൽ കൂടുതൽ സമയം നിങ്ങൾ അതിനകത്ത് ചിലവഴിക്കും. അധികനേരത്തെ കമോഡിലെ കുത്തിയിരിപ്പ്, അത് ഇന്ത്യനാവട്ടെ യൂറോപ്യനാവട്ടെ, അനാവശ്യമായ സമ്മർദം മലാശയത്തിൽ ചെലുത്തും. മലാശയത്തിലെയും മലദ്വാരത്തിലെയും സമ്മർദങ്ങൾ ഹെമറോയ്ഡ്സിന് (പൈൽസ്)
വഴിവെച്ചേക്കാം. നിലവിൽ ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ അസുഖങ്ങൾ ഉള്ളവർക്കും ശുചിമുറിയിലെ ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ കുഴപ്പങ്ങൾക്കിടയാക്കും.
അവധിയില്ലാത്ത അഡിക്ഷൻ
ടോയ്ലറ്റിലേക്കും മൊബൈലിനെ കൂടെ കൂട്ടുന്നത് അൽപ്പം പോലും ഇടവേളയില്ലാത്ത ഉപയോഗത്തെയാണ് കാണിക്കുന്നത്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും മൊബൈൽ നിലത്തു വെയ്ക്കാത്ത ഒരാൾ വിസർജിക്കുമ്പോഴും അതിനെ കൂടെ കൂട്ടുന്നുവെങ്കിൽ മൊബൈൽ ഒരു അഡിക്ഷനായി എന്നർഥം. ജോലിയിൽ ബ്രേക്ക് വരാതിരിക്കാൻ, ഓൺലൈനിൽ തുടരേണ്ട നിർബന്ധിത സാഹചര്യം, ടോയ്ലറ്റിലിരിക്കുന്ന സമയം കുറേക്കൂടി ഫലപ്രദമായി ഉപയോഗിക്കാൻ തുടങ്ങി നിരവധി എക്സ്ക്യൂസുകൾ പറയാനുണ്ടാവും. കണ്ണിന് അൽപ്പം പോലും വിശ്രമമില്ലാത്ത വിധത്തിലുള്ള, 'ഓൾ ടൈം ഓൺലൈൻ അപ്ഡേഷൻ' അഡിക്ഷൻ ബാധിച്ചാൽ ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല മാനസിക പ്രയാസങ്ങൾക്കും വൈകാരിക സമ്മർദങ്ങൾക്കും അത് ഇടയാക്കും.