ബാഗേപള്ളിയിലെ സി പി എം റാലിയിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പിണറായി
ബംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ കർണാടകയിൽ റാലിയും പൊതുയോഗവും നടന്നു. കർണാടകയിൽ സി പി എമ്മിന്‍റെ ശക്തികേന്ദ്രമായ ബാഗേപള്ളിയിലാണ് പൊതുയോഗവും റാലിയും നടന്നത്. നൂറുകണക്കിന് പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്. പൊതുയോഗത്തിലാണ് പിണറായി കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്ത് ബോധപൂർവ്വം വർഗീയത വളർത്തി ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി ആരോപിച്ചു. കേരള സർക്കാർ ഇപ്പോൾ കേന്ദ്രത്തിന്‍റെ കണ്ണിലെ കരടാണെന്നും സാമ്പത്തികമായി ശ്വാസം മുട്ടിച്ചും ഗൂഢാലോചനകൾ നടത്തിയും നുണപ്രചാരണം നടത്തുകയാണെന്നും പിണറായി പറഞ്ഞു. നയതന്ത്ര സ്വർണക്കടത്ത് വിവാദം ഇതിന്‍റെ ഭാഗമാണ്. ദേശീയതയുടെ വക്താക്കളാകാനാണ് ബി ജെ പി ശ്രമിക്കുന്നത്. ന്യൂനപക്ഷ വർഗീയതയും രാജ്യത്ത് ഭീഷണി ഉയർത്തുന്നു. നിലവിൽ ബി ജെ പിയെ നേരിടാൻ കോൺഗ്രസിന് ധൈര്യമില്ലെന്നും ബി ജെ പിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി മാറിയെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ബി വി രാഘവുലു, എം എ ബേബി എന്നിവരും ബാഗേപ്പള്ളിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി പി എം രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് ബാഗേപ്പള്ളി. കോൺഗ്രസ് നേതാവ് എസ്എൻ സുബ്ബ റെഡ്ഡിയാണ് ബാഗേപള്ളിയിലെ സിറ്റിംഗ് എം എൽ എ. ആന്ധ്ര-കർണാടക അതിർത്തിയിലെ ദളിത് ഭൂരിപക്ഷ പ്രദേശമാണ് ബാഗേപള്ളി.