ഷി ജിൻപിംഗിന് ആശംസകളുമായി പിണറായി വിജയൻ; പ്രതിഷേധ കമന്‍റുകളുമായി ജനങ്ങൾ

തിരുവനന്തപുരം: മൂന്നാം തവണയും ചൈനീസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഷി ജിൻപിംഗിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകരാഷ്ട്രീയത്തിലെ പ്രധാന ശബ്ദമായി ചൈന ഉയർന്നുവരുന്നത് അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. "പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ഷി ജിൻപിംഗിന് വിപ്ലവ ആശംസകൾ. ആഗോള രാഷ്ട്രീയത്തിലെ പ്രമുഖ ശബ്ദമായി ചൈന ഉയർന്നുവരുന്നത് പ്രശംസനീയമാണ്. കൂടുതൽ അഭിവൃദ്ധി പ്രാപിക്കാനുള്ള നിങ്ങളുടെ തുടർച്ചയായ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ," അദ്ദേഹം ട്വീറ്റ് ചെയ്തു. ആശംസകൾ നേർന്നതിന് പിന്നാലെ ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ട്വീറ്റിന് താഴെ പ്രതിഷേധ കമന്‍റുകളും നിറഞ്ഞു.'സ്വന്തം നാടിനോട് ഈ കരുതൽ കാണിച്ചൂടെ', 'ബ്രഹ്മപുരത്തെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കും','ബ്രോ, ബ്രഹ്മപുരത്തെക്കുറിച്ച് രണ്ട് വരി' തുടങ്ങി നിരവധി കമന്റുകളാണ് വന്നത്.

Related Posts