പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ; സർക്കാറിന്റെ ഉത്തരവാദിത്തം ഹൈക്കോടതി

തിരുവനന്തപുരം ആറ്റങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തിൽ അപമാനിച്ച സംഭവത്തിൽ സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്നും സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്നും എന്തിനാണ് ഇങ്ങനെ ഒരു റിപ്പോർട്ട്‌ കോടതിക്ക് കൈമാറിയതെന്നും കോടതി ചോദിച്ചു. സാക്ഷി മൊഴികളില്‍ കുട്ടി കരയുന്നുവെന്ന് പറയുന്നുണ്ട്, അതെന്തിനാണെന്ന് വ്യക്തമാക്കണം. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണോ സർക്കാർ പറയുന്നതെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും ഉദ്യോഗസ്ഥയുടെ തെറ്റിന് പരമാവധി നടപടി സ്വീകരിച്ചുവെന്നും ഇനിയും നടപടി എടുക്കേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. പൊലീസ് ഉദ്യോഗസ്ഥ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് സാക്ഷിമൊഴികള്‍. കുട്ടിക്ക് വേണമെങ്കിൽ നഷ്ടപരിഹാരം തേടി സിവിൽ കോടതിയെ സമീപിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ഹൈക്കോടതി, കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും നഷ്ടപരിഹാരത്തുക എത്രയാണെന്ന് സർക്കാർ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഐ എസ്ആ ർ ഒ ചാരക്കേസിൽ നമ്പി നാരയണന് നഷ്ടപരിഹാരം ലഭിച്ചതുപോലെ ഈ കുട്ടിക്കും നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും എട്ട് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പരസ്യമായി വിചാരണ നടത്തിയത് അത്യന്തം അപമാനകരമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവിൽ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ കിട്ടി.

Related Posts