പുതുവർഷത്തിലെ പുതിയ വകഭേദം; ഇൻസ്റ്റഗ്രാമിൽ അടിപൊളി ഫോട്ടോയുമായി പിഷാരടി, പിഷുക്രോൺ എന്ന് ആരാധകർ
മലയാളികളുടെ പ്രിയതാരമാണ് അവതാരകനും അഭിനേതാവുമായ രമേഷ് പിഷാരടി. അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയാ പോസ്റ്റുകൾ അതിവേഗം വൈറലാകാറുണ്ട്. ആരാധകരെയും അനുയായികളെയും കൈയിലെടുക്കാനുള്ള താരത്തിൻ്റെ പ്രത്യേക കഴിവ് തന്നെയാണ് അതിന് കാരണം.
രസകരമായ തലക്കെട്ടുകളും അടിക്കുറിപ്പുകളും നൽകുന്നതിൽ പിഷാരടിയോളം വിരുതുള്ളവർ വേറെയില്ലെന്നാണ് പൊതുവേയുള്ള സംസാരം. പിഷാരടി തൻ്റെ പോസ്റ്റുകൾക്ക് നൽകുന്ന അടിക്കുറിപ്പുകളെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ അതിവേഗം ഹിറ്റാവാറുണ്ട്.
അടിപൊളി ലുക്കിലുള്ള പുതിയൊരു ഫോട്ടോയാണ് പിഷാരടി ഇന്ന് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിറയെ പൂക്കളുള്ള വർണക്കുപ്പായമാണ് താരം പുതുവർഷത്തലേന്ന് ധരിച്ചിരിക്കുന്നത്. ഫോട്ടോയ്ക്കുപരി ചിത്രത്തിന് നൽകിയ രസകരമായ അടിക്കുറിപ്പാണ് ആരാധകരുടെ മനം കവർന്നത്. 2022-ലേക്കുള്ള പുതിയ വകഭേദം എന്നാണ് ഫോട്ടോയ്ക്ക് പിഷാരടി നൽകിയ അടിക്കുറിപ്പ്. പിഷുക്രോൺ എന്നാണോ പുതിയ വകഭേദം അറിയപ്പെടുന്നത് എന്ന് ആരാധകർ ചോദിക്കുന്നു. വാക്സിനിൽ നിക്കൂല, വീര്യം കൂടുതലാണ് എന്ന് മറ്റൊരാൾ പ്രതികരിക്കുന്നു.