തന്റെ 'ഗ്രമോറും' 'സ്പെല്ലിഗ്നും' 'കൊറാക്റ്റ് ' ചെയ്തയാളെ ബ്ലോക്ക് ചെയ്തെന്ന് രമേഷ് പിഷാരടി
രസകരമായ സോഷ്യൽ മീഡിയാ പോസ്റ്റുകൾ കൊണ്ട് ആരാധകർക്കിടയിൽ പൊട്ടിച്ചിരിയുടെ അമിട്ടുകൾ പൊട്ടിക്കുന്ന ശീലക്കാരനാണ് രമേഷ് പിഷാരടി. അഭിനേതാവ് എന്നതിനപ്പുറം കോമഡി പരിപാടികളുടെ അവതാരകൻ എന്ന നിലയിലാണ് പിഷാരടി മലയാളികൾക്കിടയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തുന്നത്. പിഷാരടിയോളം വിജയം കൈവരിച്ച സ്റ്റാൻഡ് അപ്പ് കൊമേഡിയനെ കേരളം ഇതേവരെ കണ്ടിട്ടുമില്ല.
ഇപ്പോഴിതാ രസകരമായ ഒരു ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിക്കുകയാണ് പിഷാരടി. തന്റെ ഗ്രാമറും സ്പെല്ലിങ്ങുമൊക്കെ തെറ്റാണെന്ന് പറഞ്ഞ് തിരുത്താൻ ശ്രമിച്ചയാളെ താനങ്ങ് ബ്ലോക്ക് ചെയ്തെന്നാണ് പുതിയ പോസ്റ്റിലൂടെ പിഷാരടി പറയുന്നത്. ഗ്രാമറിനെ 'ഗ്രമോർ' എന്നും സ്പെല്ലിങ്ങിനെ 'സ്പെല്ലിഗ്ന് ' എന്നും കറക്റ്റിനെ 'കൊറാക്റ്റ് ' എന്നും എഴുതിക്കൊണ്ടാണ് പിഷാരടി തമാശ പൊട്ടിക്കുന്നത്.
'ദാറ്റ് വാസ് വേരി നെയ്സ് ഓഫ്ഫ് യു' എന്ന് സ്പെല്ലിങ്ങ് മിസ്റ്റേക്കുള്ള കമന്റിട്ട് കുഞ്ചാക്കോ ബോബൻ പോസ്റ്റിനോട് പ്രതികരിക്കുമ്പോൾ 'ഹാലോവ് ചാച്ചോക്കൻ' എന്ന് മറുപടി കമന്റിൽ പിഷാരടി ഉരുളയ്ക്ക് ഉപ്പേരി നൽകുന്നു. ഗായിക ജോത്സ്ന, അഭിനേത്രി ശ്വേത മേനോൻ തുടങ്ങി നിരവധി പേർ പിഷാരടിയുടെ തമാശ ആസ്വദിച്ച് പ്രതികരിക്കുന്നുണ്ട്.