ആരാധകന്‍റെ ചോദ്യത്തിന് പിഷാരടിയുടെ മറുപടി വൈറല്‍ ആവുകയാണ്
തിയറ്ററുകളില്‍ മലയാള സിനിമകള്‍ ഇല്ലാത്ത ഒരു വിഷു സീസണ്‍ എന്നത് അപൂര്‍വ്വമാണ്. അത്തരത്തിലൊരു വിഷുക്കാലത്തിനാണ് മലയാളി സിനിമാപ്രേമികള്‍ ഇക്കുറി സാക്ഷ്യം വഹിച്ചത്. റംസാന്‍ നോമ്പ് കാലം കൂടി ചേര്‍ന്നുവന്നതാണ് ഇക്കുറി വിഷു റിലീസുകള്‍ ഉണ്ടാവാതിരുന്നതിന്‍റെ കാരണം. അതേസമയം വന്‍ കാന്‍വാസില്‍ ഒരുങ്ങിയ മറുഭാഷാ ചിത്രങ്ങളായ രാജമൗലിയുടെ ആര്‍ആര്‍ആർ, വിജയ് നായകനായ ബീസ്റ്റ്, യഷ് നായകനായ കെജിഎഫ് 2 എന്നീ സിനിമകള്‍ തിയറ്ററുകളില്‍ ഉണ്ടായിരുന്നു. മലയാളം റിലീസുകള്‍ ഒരിടവേളയ്ക്കു ശേഷം ഈ വാരം എത്തിത്തുടങ്ങുകയാണ്. രമേശ് പിഷാരടി നായകനാവുന്ന നോ വേ ഔട്ട് അതിലൊന്നാണ്. കെജിഎഫ് 2 തിയറ്ററുകളില്‍ വന്‍ വിജയം നേടി തുടരുമ്പോള്‍ത്തന്നെ ഈ ചിത്രം ഇറക്കണോ എന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന് പിഷാരടി പറഞ്ഞ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
നവാഗതനായ നിധിന്‍ ദേവീദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന, സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് നോ വേ ഔട്ട്. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ നിരവധി പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പിഷാരടി തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. ഫേസ്ബുക്കില്‍ അത്തരത്തില്‍ ഒരു പോസ്റ്റിനു താഴെയാണ് ആരാധകന്‍ ചോദ്യവുമായി എത്തിയത്.
ആരാധകന്റെ ചോദ്യം
കെജിഎഫ് 2 തീ മഴ സൃഷ്ടിക്കുമ്പൊ ഇതു പോലെയുള്ള കൊച്ചു സിനിമകൾ തിയറ്ററിലൊക്കെ ഇറക്കുന്നത് റിസ്ക് അല്ലേ ചേട്ടായി
പിഷാരടിയുടെ പ്രതികരണം ഇങ്ങനെ
ആർക്ക്; റോക്കി ഭായിക്കോ?
1700ല്‍ ഏറെ ലൈക്കുകളാണ് ഈ പ്രതികരണത്തിന് ലഭിച്ചിരിക്കുന്നത്.