പ്ലാസ്റ്റിക്ക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക്; പദ്ധതിയുമായി കൊച്ചി കോർപ്പറേഷൻ

കൊച്ചി: കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏപ്രിൽ മുതൽ ക്ലീൻ കേരള കമ്പനിക്ക് കൈമാറാനുള്ള ആലോചനയുമായി കോർപ്പറേഷൻ. സർക്കാർ നിർദ്ദേശ പ്രകാരമാണ് വാതിൽപ്പടി ശേഖരണത്തിലൂടെ മാറ്റത്തിനൊരുങ്ങുന്നത്. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന് ചേരും. തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന യോഗത്തിൽ ജില്ലാ പ്രസിഡന്‍റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. ഫ്ളാറ്റ് അസോസിയേഷൻ പ്രതിനിധികളുമായി മേയറും സിറ്റി പോലീസ് കമ്മീഷണറും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് മാർഗനിർദേശം രൂപീകരിക്കാനാണ് ആലോചന. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ആഴ്ചയിൽ 2 ദിവസം ഹരിതകർമ്മ സേന എത്തി പ്ലാസ്റ്റിക്ക് മാലിന്യം വീടുകളിൽ നിന്നും ശേഖരിക്കും. പ്ലാസ്റ്റിക് ക്ലീൻ കേരള കമ്പനിക്ക് കൈമാറി ഇവ ഗ്രാന്യൂളുകളായി റീസൈക്കിൾ ചെയ്യും. എറണാകുളത്ത് നടന്ന അവലോകനയോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പദ്ധതി അവതരിപ്പിച്ചത് മുതൽ പ്രതിപക്ഷം ചില പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഒന്ന് ഹരിത കർമ്മ സേന എന്ന നിലയിൽ കൊച്ചിയിൽ സംവിധാനമില്ലെന്നതാണ്. ഏപ്രിൽ മുതൽ നടപ്പാക്കണമെന്ന കർശന നിർദ്ദേശം നൽകുമ്പോൾ ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് രണ്ടാമത്തെ പ്രശ്നം.


Related Posts