വിദ്യാർത്ഥികളെ കാത്ത് കളിമുറ്റങ്ങൾ : മുന്നൊരുക്കങ്ങൾ വിലയിരുത്തി കലക്ടർ
നീണ്ട ഇടവേളയ്ക്ക് ശേഷം നവംബർ ഒന്നിന് സ്കൂളുകൾ സജീവമാകുമ്പോൾ കളിമുറ്റവും സുരക്ഷാ സന്നാഹവുമൊരുക്കി കാത്തിരിക്കുകയാണ് ജില്ലയിലെ വിദ്യാലയങ്ങൾ. അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി മുന്നൊരുക്കങ്ങൾ
വിലയിരുത്തുന്നതിനായി വിവിധ സ്കൂളുകളിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. അരണാട്ടുകരയിലെ ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ, ഇൻഫെന്റ് ജീസസ് ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിലാണ് കലക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ സന്ദർശനം നടത്തിയത്.
കുട്ടികൾ എത്തിതുടങ്ങുന്നതിന് മുൻപെ സ്‌കൂളുകളിൽ ക്ലാസ് റൂമുകളും കിണറുകളും പരിസരവും ശുചിയാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കൊപ്പം തൊഴിലുറപ്പ്, കുടുംബശ്രീ, അധ്യാപകർ, പി ടി എ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് അപ്പർ പ്രൈമറി സ്കൂൾ പ്രവേശന ഉത്സവത്തിന് ഒരുങ്ങിയത്. അണുവിമുക്ത സജ്ജീകരണങ്ങൾക്ക് പുറമെ ശലഭോദ്യാനവും ബയോ ഡൈവേഴ്സിറ്റി പാർക്കും ഇവിടെ കുട്ടികളെ സ്വീകരിക്കും.
225 വിദ്യാർത്ഥികൾ എത്തുന്ന ഇൻഫെന്റ് ജീസസ് സ്കൂളിൽ കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഓരോ നിലയിലും പ്രത്യേകം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. സാനിറ്റൈസർ, തെർമോസ്കാനർ, പൾസ് ഓക്സി മീറ്റർ തുടങ്ങിയ കോവിഡ് പ്രതിരോധ സംവിധാനങ്ങളും വിദ്യാലയങ്ങളിൽ സജ്ജമാണ്.
മാതൃകാപരമായ മുന്നൊരുക്കങ്ങളാണ് ജില്ലയിലെ സ്കൂളുകളിൽ ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡെവിസ് മാസ്റ്റർ പറഞ്ഞു. കോവിഡ് കാലഘട്ടം കുട്ടികളിൽ വലിയ ആഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. അത് കണ്ടെത്തി ഇടപെടാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് സന്ദർശന വേളയിൽ കലക്ടർ പറഞ്ഞു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ, ഡി ഇ ഒ പി വി മനോജ്‌കുമാർ, തൃശൂർ ഈസ്റ്റ് എ ഇ ഒ പി കെ ബാലകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.