പ്ലസ് വൺ പരീക്ഷ; വിദ്യാർഥികൾക്ക് ഒരു കവാടത്തിലൂടെ മാത്രം പ്രവേശനം
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷയിൽ വിദ്യാർഥികൾക്ക് ഒരു കവാടത്തിലൂടെ മാത്രം സ്കൂളിൽ പ്രവേശനം അനുമതി. കവാടത്തിൽത്തന്നെ സാനിറ്റൈസർ നൽകും. ശരീരോഷ്മാവ് പരിശോധിക്കും. യൂണിഫോം നിർബന്ധമല്ല. കുട്ടികൾക്ക് പരസഹായംകൂടാതെ പരീക്ഷാഹാളിൽ എത്തിച്ചേരാനായി പ്രവേശനകവാടത്തിൽത്തന്നെ എക്‌സാം ഹാൾ ലേഔട്ട് പ്രദർശിപ്പിക്കും. എ സി മുറിയിൽ പരീക്ഷ പാടില്ല. പരീക്ഷാ ഹാൾ, ഫർണിച്ചർ, സ്കൂൾപരിസരം തുടങ്ങിയവ 22-ന് മുമ്പ് അണുവിമുക്തമാക്കും.
അനധ്യാപക ജീവനക്കാർ, പി ടി എ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
കൊവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കിൽ വിവരം മുൻകൂട്ടി ആരോഗ്യപ്രവർത്തകരെ അറിയിക്കണം. ബന്ധപ്പെട്ടവർക്ക് പി പി ഇ കിറ്റ് ലഭ്യമാക്കാനുള്ള നടപടി ചീഫ് സൂപ്രണ്ടുമാർ സ്വീകരിക്കണം. ഈ കുട്ടികൾക്ക് പ്രത്യേക ക്ലാസ്‌മുറിയിൽ ആയിരിക്കും പരീക്ഷ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാർഥികളെയും ക്വാറന്റീനിൽ ഉള്ള വിദ്യാർഥികളെയും പ്രത്യേകം ക്ലാസ്‌മുറികളിൽ പരീക്ഷയെഴുതിക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് എല്ലാ വിദ്യാലയങ്ങളിലും മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കും.