പിഎം 2 ഇനി 'രാജ'; വയനാടിനെ വിറപ്പിച്ച കടുവ 'അധീര'

കൽപ്പറ്റ: വയനാടിനെ ഭീതിയിലാഴ്ത്തിയ ആനയ്ക്കും കടുവയ്ക്കും പേരിട്ട് വനം വകുപ്പ്. തമിഴ്നാട്ടിൽ നിന്ന് ബത്തേരിയിലെത്തിയ പിഎം 2 മോഴയാന ഇനിമുതൽ രാജ എന്ന പേരിൽ അറിയപ്പെടും. കടുവയ്ക്ക് കെ.ജി.എഫ് 2 എന്ന ചിത്രത്തിലെ വില്ലന്റെ പേരായ അധീര എന്നാണ് നൽകിയിരിക്കുന്നത്. അതിർത്തി കടന്ന് കിലോമീറ്ററുകളോളം സഞ്ചരിച്ച് കേരളത്തിലെത്തിയ മോഴയാനയാണ് പിഎം 2. ഇനി മുതൽ പിഎം 2 വയനാട്ടുകാരുടെ രാജമാണിക്യമാണ്. വീടുകൾ തകർത്ത് അകത്തു കയറി അരി മോഷ്ടിക്കുന്നതിനാൽ തമിഴ്നാട്ടിലെ പന്തല്ലൂർ നിവാസികൾ അരസിരാജ എന്നാണ് വിളിച്ചിരുന്നത്. വനംവകുപ്പിന്‍റെ രേഖകളിൽ പിഎം 2 അല്ലെങ്കിൽ പന്തല്ലൂർ മഖ്ന എന്നാണ് രേഖപ്പെടുത്തിയിരുന്നത്. രാജയുടെ കാര്യത്തിൽ ഇനി ഇതെല്ലാം വെറും ഓർമ്മകൾ മാത്രമായി മാറും. പാലക്കാട് ധോണിയിൽ നിന്ന് പിടികൂടിയ പിടി സെവൻ ആനയ്ക്ക് അതേ ദിവസം തന്നെ ധോണി എന്ന് പേരിട്ടിരുന്നു. എന്നാൽ പിഎം 2 ന്‍റെ കാര്യത്തിൽ തീരുമാനം വൈകുകയായിരുന്നു. വനപാലകർ മുന്നോട്ടുവച്ച അനവധി പേരുകളിൽ നിന്ന് അവസാനമായി എത്തിയത് രാജയിലേക്കാണ്. കൂട്ടിൽ മെരുങ്ങുന്ന രാജയ്ക്കൊപ്പം മുത്തങ്ങയിൽ പത്ത് കുങ്കികളുമുണ്ട്. സുന്ദരി, അമ്മു, വിക്രം, സൂര്യ, സുരേന്ദ്രൻ എന്നിവരാണ് രാജയുടെ പുതിയ സുഹൃത്തുക്കൾ. പത്ത് വയസുള്ള ആൺകടുവ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലെ അഞ്ചാമത്തെ അതിഥിയാണ്. കർഷകന്‍റെ ജീവനെടുത്ത കടുവയ്ക്കിടാനുള്ള പേരിലും പല ചർച്ചകൾ നടന്നിരുന്നു. ഒടുവിൽ കെ.ജി.എ.ഫ് 2 സിനിമയിലെ ക്രൂരനായ വില്ലനിലെത്തി. ലക്ഷ്മി, കിച്ചു, രാജ, ഷേരു എന്നിവർക്കൊപ്പമാണ് അധീരയുടെ താമസം.

Related Posts