കശ്മീർ ഫയൽസ് സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി; ചിത്രത്തെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നതായി വിമർശനം
കശ്മീർ ഫയൽസ് എന്ന ഹിന്ദി സിനിമയെ വാനോളം വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യങ്ങൾ വെളിപ്പെടുത്തുന്നതാണ് സിനിമയെന്നും ചിത്രത്തെ അപകീർത്തിപ്പെടുത്താൻ മന:പൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബി ജെ പി പാർലമെൻ്ററി പാർടി യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സിനിമയെ അഭിനന്ദിച്ച് സംസാരിച്ചതും വിമർശകർക്കെതിരെ തിരിഞ്ഞതും. നാളിതുവരെ മന:പൂർവം ഒളിപ്പിച്ചു വെച്ചിരുന്ന സത്യങ്ങളാണ് സിനിമ തുറന്ന് കാണിക്കുന്നതെന്ന് മോദി പറഞ്ഞു.
വസ്തുതകളുടെയും കലാപരമായ മികവിൻ്റെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്നതിന് പകരം ഒരു വിഭാഗം ആളുകൾ സിനിമയ്‌ക്കെതിരെ സംഘടിതമായ ആക്രമണമാണ് നടത്തുന്നതെന്ന് മോദി കുറ്റപ്പെടുത്തി. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ചാണ് പറയുന്നത്. അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബി ജെ പി ഭരിക്കുന്ന സർക്കാരുകൾ മുഴുവൻ സിനിമയ്ക്ക് വൻ പ്രചാരമാണ് നൽകുന്നത്. കാബിനറ്റ് അംഗങ്ങൾക്കൊപ്പമിരുന്ന് താൻ സിനിമ കാണുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. സിനിമയ്ക്ക് നികുതി ഈടാക്കില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് പറഞ്ഞു. സിനിമ കാണാൻ പൊലീസുകാർക്ക് ഒരു ദിവസത്തെ ലീവ് നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചു. പരമാവധി പേർ സിനിമ കാണണമെന്ന് ശിവ് രാജ് സിങ്ങ് ചൗഹാൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗോവയിൽ പരമാവധി സ്ക്രീനിങ്ങ് ഏർപ്പെടുത്തി സിനിമയെ ജനങ്ങളിലേക്ക് എത്തിക്കാൻ കെയർ ടേക്കർ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചു.