ന്യുമോണിയ പ്രതിരോധ വാക്‌സിന്‍; ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൂന്ന് ഡോസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ ഒന്നുമുതൽ കുട്ടികൾക്ക് ന്യൂമോണിയ പ്രതിരോധ വാക്സിൻ നൽകും. ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്സിൻ മൂന്നു ഡോസായി ഒരു വയസിൽ താഴെയുളള കുട്ടികൾക്കാണ് നൽകുക.
ഗുരുതര ന്യൂമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയെ തടയാനാണ് ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പുകൾ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും ന്യുമോണിയ ബാധ തടയാനുള്ള വാക്സിൻ നൽകും. കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി 2017 മുതൽ അഞ്ച് സംസ്ഥാനങ്ങളിൽ ഈ വാക്സിൻ വിതരണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമാവുകയാണ് കേരളവും.
വെളളിയാഴ്ച ആരോഗ്യമന്ത്രി വീണ ജോർജ് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും. കൊവിഡ് മൂന്നാം തരംഗത്തിൽ കുട്ടികളെ കൂടുതൽ ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് മുൻപിൽ കണ്ട് കുട്ടികളിൽ ഉണ്ടായേക്കാവുന്ന ന്യൂമോണിയ ബാധ തടയാനാണ് വാക്‌സിൻ നല്കുന്നത്.
ഒന്നര മാസം പ്രായായ കുട്ടികൾക്കാണ് ആദ്യം കുത്തിവെയ്പ്പ്. പി എച്ച് സികൾ, സി എച്ച് സികൾ, താലൂക്ക് ആശുപത്രികൾ തുടങ്ങി സർക്കാർ ആശുപത്രികളിലൂടെയെല്ലാം കുത്തിവെയ്പ്പ് ലഭിക്കും. മൂന്നര, ഒൻപത് മാസ പ്രായപരിധിയിലാണ് അടുത്ത ഡോസുകൾ എടുക്കേണ്ടത്.