കവിത- താഴ്ന്നുപറക്കുന്ന നഖങ്ങൾ

കവയിത്രി - ചാന്ദ്നി ഗാനൻ

താഴ്ന്നുപറക്കുന്ന നഖങ്ങൾ

-----------------------------------

സൂര്യനോടൊപ്പം ഓടിയും

ചന്ദ്രനൊടൊപ്പം കുളിർന്നും

ചിലനേരങ്ങളിൽ പെരുമീനോളം ഉയർന്നും

പലവിതാനത്തിലുള്ള വഴിയിൽ,

ആഘോഷത്തിന്റെ ചൂണ്ടുപലകകൾ

തേടിത്തേടി നേടുന്ന കണ്ണുകളായിരുന്നു

ഇന്നലെവരെ യാത്രികർ...

ഇന്ന്‌.. ഇന്നോളമറിയാത്തൊരു സങ്കടക്കടൽ

ഒന്നാകെ വന്ന്‌ കപ്പലിറങ്ങിയ പോലെ..

കാണെക്കാണെ പെരുകുന്ന തിരകളിലൂടെ

മരണവും ജീവനും പകുത്തു പിടിച്ച്‌

അലറിപ്പായുന്നുണ്ട്‌ നിലവിളികൾ

തനിയ്ക്കു മുൻപ്‌, ആരുമീവഴി ഇത്ര തകർന്നിട്ടില്ലെന്ന്‌,

അത്രമേലുണ്ട്‌ ഉൾനീറ്റലെന്ന്‌

ഓരോ ശ്വാസനാളവും പിടയുന്നു

തൊട്ടുരിയാടാനാവാതെ

കാണാതെ കേൾക്കാതെ

വിറങ്ങലിച്ച ഒറ്റത്തുരുത്തുകളിൽ

വിശ്വാസത്തിന്റെ വഴിവിളക്കുകൾ മങ്ങിനില്ക്കുന്നു

അടർന്നുപോകുന്ന അക്ഷരങ്ങളെ

അതിലേറെ ദ്രവിച്ച അർത്ഥങ്ങളെ

കൂട്ടിവായിയ്ക്കാനരുതാതെ എരിയുന്ന വാക്കുകളോട്‌,

സമാധാനമെന്ന കവലപ്പിരിവിലേയ്ക്ക്‌

ഇനിയുമെത്ര ദൂരമെന്ന്‌ ഒന്നുപറയാമോ ?

Related Posts