കവിത - അമലാ നഗർ
കവിത - അമലാ നഗർ
പ്രേമപ്പനിച്ചൂടിൽ നഗരം
മൂടിപ്പുതച്ചുറങ്ങിയതിന്റെ പിറ്റേന്ന്
അമലാ നഗർ വിളിച്ചുണർത്തുന്നു
ഓട്ടോകൾ യാത്രികരെ
ലോട്ടറിക്കാർ ഭാഗ്യവാന്മാരെ
ചാപ്പൽ വിശ്വാസിയെ
എ ടി എമ്മുകൾ പൈസക്കാരെ
മീനുകൾ വിശപ്പുകളെ
അമലാ സൂപ്പർ മാർക്കറ്റിൽ
ഒരു കന്യാസ്ത്രീ
അവർ ബാസ്ക്കറ്റിൽ എടുത്തു കൂട്ടുന്നു
ജീവിതക്കൂട്ടുകൾ
കയ്യിൽ തടഞ്ഞ കൺമഷി
കണ്ണീരിലലിയുന്നു
ചോന്ന ക്യൂട്ടെക്ക്സായി
ഉള്ളിൽ ചോര പൂക്കുന്നു
എന്തൊക്കെ എടുക്കാമായിരുന്നിട്ടും
മെഴുതിരി മാത്രം വാങ്ങിച്ചൊരാൾ
മരിച്ചു നിൽക്കുന്നു
എത്ര മാത്രം മരിച്ചുവെന്ന്
ബാസ്ക്കറ്റ് നിറയെ കാണിച്ചു തന്ന പെങ്ങൾക്ക്
അമലയെന്ന പേരു നല്കുന്നു.