കവിത - സെമിത്തേരിയിലെ നട്ടുച്ച
കവിത - സെമിത്തേരിയിലെ നട്ടുച്ച
നിഴലുകള്‍
അവനനവനിലേയ്ക്കു മാത്രം
നീളുകയോ ചുരുങ്ങുകയോ
ചെയ്യുന്ന സ്ഥലത്തെയാണ്
സെമിത്തേരി എന്നു വിളിക്കുക
എന്നൊരു പാഠമുണ്ടായിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ട്!
നട്ടുച്ച മാത്രമാണവിടത്തെ നേരം
വെയില്‍ മാത്രം കാലാവസ്ഥയും
ക്ഷാമപ്രദേശത്തേയ്ക്ക്
മരുന്നും വസ്ത്രവുമായി വരുന്ന
കപ്പലും കാത്ത്
തുറമുഖത്തു നില്‍ക്കുന്ന
ഒരാളെപ്പോലുണ്ട്
നിന്റെ നില്‍പ്പിലെ അവശതയും
നോട്ടവും
കൈ വിറച്ചു വിറച്ച്,
മുറുകെപ്പിടിച്ചിരുന്ന
രണ്ടു പനിനീര്‍പ്പൂക്കളുടേയും
ഇതളുകള്‍ക്കൊപ്പം
നീയും താഴെ വീണു പോയെങ്കിലോ
എന്ന ഭയമെനിക്കുണ്ടായിരുന്നു
മുറുകെപ്പിടിച്ചപ്പോള്‍
പിടിവിടല്ലേ വിടല്ലേ എന്ന്
നിന്റെ കൈകള്‍
കരഞ്ഞുകൊണ്ടേ ഇരിക്കുന്നത്
നീ അറിയുന്നുണ്ടായിരുന്നോ?
ഒരാള്‍ക്കു നില്‍ക്കാവുന്ന നിഴല്‍
എനിയ്ക്കുണ്ടായിരുന്നെങ്കില്‍
നിന്നെ ഞാന്‍ അതിന്റെ
ചുവടെ നിര്‍ത്തുമായിരുന്നു
സെമിത്തേരിയില്‍ കാറ്റു വീശുന്നില്ല
ചെറുമരക്കൊമ്പിലെ ഇലകള്‍
എന്തിന്റേയോ അടയാളങ്ങള്‍
കാറ്റെന്നു കാണിച്ചു തന്നു
ദിനവും പലതവണ മരിക്കുന്ന
നമ്മളോട് സഹതപിക്കുന്നതുപോലെ
ഉച്ച നേരത്തെ ഇലയിളക്കം
ആത്മാവുകളുടെ വര്‍ത്തമാനമാണെന്ന്
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ട്!
നീ കണ്ണും ചെവിയുമോര്‍ക്കുന്നത്
കണ്ടാലറിയാം
പറഞ്ഞു തീര്‍ന്നിട്ടില്ലാത്ത പലതുമാണ്
കാണുന്നതും കേള്‍ക്കുന്നതുമെന്ന്
പൊന്നുപണിക്കാരുടെ
പണിയിടങ്ങളില്‍ വന്ന്
തമിഴന്മാര്‍ മണലില്‍നിന്ന്
പൊന്‍തരികള്‍ അരിച്ചെടുക്കുന്നതുപോലെ
കളഞ്ഞുപോയ ഒരു പാട്ട്
പലകുറി ജലമാവര്‍ത്തിച്ച്
നീ അരിച്ചെടുക്കുകയാണോ?
കല്ലറയില്‍ കുനിഞ്ഞുമ്മവയ്ക്കുമ്പോള്‍
ചുട്ടുപൊള്ളുന്ന സിമന്റ്
നിന്റെ ചുണ്ടുകളോട്
എന്തെങ്കിലും പറഞ്ഞുവോ?