കെ-റെയിൽ ഇടതുപക്ഷത്തെ രണ്ടായി വിഭജിച്ചെന്ന് കവി സച്ചിദാനന്ദൻ
കെ-റെയിൽ കേരളത്തെ രണ്ടായി വിഭജിക്കും എന്ന പ്രചാരണത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും എന്നാൽ അത് ഇടതുപക്ഷത്തെത്തന്നെ രണ്ടായി വിഭജിക്കുന്നതിൽ വിജയിച്ചെന്നും പ്രമുഖ കവി കെ. സച്ചിദാനന്ദൻ. വികസനവാദി, പരിസ്ഥിതിവാദി എന്ന ദ്വന്ദ്വം നിലനില്‍ക്കുന്നതല്ല. മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ അങ്ങിനെയൊന്ന് നിലനില്‍ക്കില്ല. ഏംഗല്‍സ് മുതല്‍ എറിക് ഹോബ്സ് ബോം വരെ വായിച്ചവര്‍ക്കെങ്കിലും അതറിയാം.
നവകേരള നിര്‍മിതിക്ക് ജനകീയമായ ഒരു വികസന കാഴ്ചപ്പാട് നിര്‍മിച്ചെടുക്കേണ്ടത് സുപ്രധാനമാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു. അത് ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. അന്യോന്യമായ ആക്രമണമല്ല, സംവാദമാണ് ഉണ്ടാകേണ്ടത്. സില്‍വര്‍ ലൈന്‍ അല്ല പ്രശ്നം, ജനാധിപത്യ സമവായമാണ്.
തര്‍ക്കങ്ങള്‍ ഒരു പദ്ധതിയെ ചൊല്ലി മാത്രമാകാതെ പരിസ്ഥിതി, വികസനം, ജനാധിപത്യം, മനുഷ്യരാശിയുടെ അതിജീവനം എന്നിവയെക്കുറിച്ച് ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു, ഒപ്പം വികസനത്തെക്കുറിച്ചുള്ള സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യവും മുതലാളിത്ത പരിപ്രേക്ഷ്യവും തമ്മിലുള്ള അന്തരത്തെപ്പറ്റിയും. ഏതു മാര്‍ക്സിസ്റ്റിനും സമചിത്തമായ ഒരു വീക്ഷണം ഇക്കാര്യത്തില്‍ വികസിപ്പിച്ചേ പറ്റൂ. ഇക്കോ-ഫാസിസം, ടെക്നോ- ഫാസിസം, വര്‍ഗീയ ഫാസിസം, രാഷ്ട്രീയ ഫാസിസം ഇവയെല്ലാം ഒരുപോലെ ജനാധിപത്യത്തിന്റെ ശത്രുപക്ഷത്താണ്. ഇവയെ ഒന്നിച്ചേ ചെറുക്കാന്‍ കഴിയൂ.