വിഷക്കൂൺ കഴിച്ച് മൂന്ന് അഫ്ഗാനി കുട്ടികൾ ഗുരുതരാവസ്ഥയിൽ
വാഴ്സോ, പോളണ്ട്:
പലായനങ്ങളുടെയും തീരാ ദുരിതങ്ങളുടെയും തോരാത്ത കണ്ണീരിൻ്റെയും കഥകളാണ് അഫ്ഗാനിസ്താനിൽ നിന്ന് അടിക്കടി വന്നുകൊണ്ടിരിക്കുന്നത്.
താലിബാൻ അധികാരത്തിൽ ഏറിയതോടെ അഫ്ഗാനിസ്താനിൽ നിന്ന് പോളണ്ടിലേക്ക് പലായനം ചെയ്ത ഒരു കുടുംബത്തിലെ അഞ്ചും ആറും വയസ്സുള്ള രണ്ട് ആൺകുട്ടികളും പതിനേഴ് വയസ്സുള്ള ഒരു പെൺകുട്ടിയും വിഷക്കൂൺ കഴിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു ബ്രിട്ടീഷ് കമ്പനിയിലാണ് കുട്ടികളുടെ അച്ഛൻ ജോലി ചെയ്തിരുന്നത്. ബ്രിട്ടൻ്റെ അഭ്യർത്ഥന പ്രകാരം പോളണ്ടാണ് രക്ഷാ ദൗത്യത്തിൽ ഉൾപ്പെടുത്തി അവരെ വാഴ്സോയിൽ എത്തിച്ചത്.
വാഴ്സോക്ക് അടുത്തുള്ള പോഡ്കോവ ലെസ്നയിൽ ആണ് അഭയാർത്ഥി ക്യാമ്പ്.അഭയാർത്ഥി ക്യാമ്പിൽ വളരെ കുറച്ച് ഭക്ഷണമാണ് നൽകിയിരുന്നതെന്നും വിശപ്പു സഹിക്കാനാവാതെയാണ് കുട്ടികൾ ക്യാമ്പിനടുത്തുള്ള പറമ്പിൽ നിന്ന് വിഷക്കൂൺ പറിച്ചു തിന്നതെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ അത്തരം വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന് പോഡ്കോവ മേയർ ആർതർ തുസിൻസ്കി അഭിപ്രായപ്പെട്ടു.
അപകടത്തിലായ കുട്ടികളുടെ കുടുംബത്തിനടക്കം ക്യാമ്പിൽ എല്ലാവർക്കും മൂന്നു നേരവും ആവശ്യത്തിന് ഭക്ഷണം നൽകിയിരുന്നു.
എന്തായാലും മൂന്ന് കുട്ടികളും അതീവ ഗുരുതരാവസ്ഥയിലാണെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു.
അഞ്ച് വയസ്സുള്ള കുട്ടി അബോധാവസ്ഥയിലാണ്. കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചോ എന്ന് സംശയമുണ്ട്.ആറു വയസ്സുകാരന് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രകിയ നടത്താനുള്ള ഒരുക്കത്തിലാണ്.
ലോകത്തിലെ ഏറ്റവും വിഷമുളള കൂൺ ഇനങ്ങളിൽ ഒന്നായ 'ഡെത്ത് ക്യാപ്പ് ' ആണ് കുട്ടികൾ കഴിച്ചത്. ഭക്ഷ്യയോഗ്യമായ സീസർ മഷ്റൂം, സ്ട്രോ മഷ്റൂം ഇനങ്ങളുമായി ഇതിന് നല്ല സാദൃശ്യമുണ്ട്. പോളണ്ടിൽ തന്നെ ഏറ്റവും ജനപ്രിയവും ജനങ്ങൾ ധാരാളമായി ഉപയോഗിക്കുന്നതുമായ പാരസോൾ കൂണുമായും ഇവയ്ക്ക് വളരെയേറെ സാദൃശ്യമുണ്ട്.
അതേസമയം, അഭയാർത്ഥി പ്രവാഹം അനിയന്ത്രിതമായതിനെ തുടർന്ന് അയൽ രാജ്യമായ ബെലാറസുമായ അതിർത്തിയിൽ പോളിഷ് സർക്കാർ മുള്ളുവേലി സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്നും വാർത്തകളുണ്ട്. അഫ്ഗാനിസ്താനിൽ നിന്നും ഇറാക്കിൽ നിന്നുമുള്ള അഭയാർത്ഥികൾ ബെലാറസ് വഴി പോളണ്ടിൽ കടക്കുന്നത് തടയാനാണ് മുള്ളുവേലി കെട്ടുന്നത്. അതിർത്തിയിൽ പിരിമുറുക്കം നിലനിൽക്കുന്നതായി പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിയസ്ക്കി ഇന്നലെ പത്ര സമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു.