ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് ഐ ഫോണ്‍ പകരം കിട്ടിയത് സോപ്പ്; പോലീസിന്റെ ഇടപെടലില്‍ പണം തിരികെ കിട്ടി
കൊച്ചി: തോട്ടുമുഖം സ്വദേശി നൂറുല്‍ അമീന് ഇക്കഴിഞ്ഞ 12ന് ക്രഡിറ്റ് കാര്‍ഡ് മുഖേന ഓണ്‍ലൈനില്‍ 70,900 രൂപ നല്‍കി ആപ്പിള്‍ ഐ ഫോണ്‍ 12 ബുക്ക് ചെയ്തു.15ന് കൊറിയര്‍ കിട്ടി തുറന്നപ്പോള്‍ ഫോണിന് പകരം സോപ്പും നാണയവും മാത്രം. എന്നാല്‍ പെട്ടി ഐ ഫോണിന്റെത് തന്നെയായിരുന്നു. അതില്‍ നിന്നും ലഭിച്ച ഐഎംഇഐ നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ 25 മുതല്‍ ഫോണ്‍ ഝാര്‍ഖണ്ഡില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ബുക്കിങ് എടുത്ത ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ ഹൈദരബാദിലെ വില്‍പ്പനക്കാരെ ബന്ധപ്പെട്ടു.
അവിടെ നിന്നയച്ച ഫോണ്‍ കൊച്ചിയില്‍ എത്തുന്നതിനുമുന്‍പ് തട്ടിയെടുത്തതാവും എന്നായിരുന്നു വിശദീകരണം. പുതിയ ഫോണ്‍ സ്‌റ്റോക്കില്ലെന്നും അവര്‍ പറഞ്ഞു. അന്വേഷണത്തിന് വേണ്ടി പൊലീസിനെ അയക്കുമെന്ന് എസ്പി അറിയിച്ചതിന്റെ പിന്നാലെ നൂറുല്‍ അമീറിന്റെ അക്കൗണ്ടില്‍ നഷ്ടപ്പെട്ട തുക തിരിച്ചെത്തി. എങ്കിലും അന്വേഷണം തുടരുമെന്ന് എസ്പി പറഞ്ഞു.
കഴിഞ്ഞമാസം പറവൂരിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ഒന്നേകാല്‍ ലക്ഷം രൂപയുടെ ലാപ്‌ടോപ്പിന് പകരം കുട്ടിക്കടലാസ് ലഭിച്ച സംഭവത്തിലും എസ്പി ഇടപെട്ട് പണം തിരികെ ലഭ്യമാക്കിയിരുന്നു.