രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിശദീകരണം തേടി പൊലീസ്
ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിശദീകരണം തേടി ഡൽഹി പോലീസ്. കമ്മീഷണർ സാഗർപ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാഹുലിന്‍റെ വസതിയിലെത്തി ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ പരാമർശിച്ച ഇരകളുടെ വിശദാംശങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടു. "സ്ത്രീകൾ ഇപ്പോഴും ലൈംഗിക ചൂഷണത്തിന്‍റെ ഇരകളാണ്" എന്നായിരുന്നു ശ്രീനഗറിൽ നടന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ രാഹുൽ ഗാന്ധി പറഞ്ഞത്. 'ഞങ്ങൾ രാഹുൽ ഗാന്ധിയുമായി സംസാരിക്കാനാണ് വന്നത്. ജനുവരി 30നു ശ്രീനഗറിൽ വച്ച് ഭാരത് ജോഡോ യാത്രയ്ക്കിടെ നിരവധി സ്ത്രീകളെ കണ്ടതായും അവർ ബലാത്സംഗം ചെയ്യപ്പെട്ടതായി വെളിപ്പെടുത്തിയതായും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ തേടാനും ഇരകൾക്ക് നീതി ഉറപ്പാക്കാനുമാണ് ഞങ്ങൾ വന്നത്," സ്പെഷ്യൽ പോലീസ് കമ്മീഷണർ സാഗർപ്രീത് ഹൂഡ പറഞ്ഞു.