മുംബൈയിൽ രാഷ്ട്രീയക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും മൂന്നാം ഡോസ് ലഭിച്ചതായി റിപ്പോർട്ടുകൾ
മൂന്നാം ഡോസിൻ്റെ ആവശ്യകതയെപ്പറ്റി രാജ്യം ചിന്തിച്ചു തുടങ്ങുന്നതിന് മുമ്പേ മുംബൈയിൽ ഏതാനും ആരോഗ്യ പ്രവർത്തകർക്കും ചില രാഷ്ട്രീയക്കാർക്കും കൊവിഡ് വൈറസിനെതിരെയുള്ള മൂന്നാം ഡോസ് വാക്സിൻ ലഭിച്ചതായി റിപ്പോർട്ടുകൾ. നഗരത്തിലെ വിവിധ ആശുപത്രികളിൽ ബൂസ്റ്റർ ഡോസ് അഥവാ മൂന്നാം ഡോസ് നൽകിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെയോ, നേരത്തേ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ അല്ലാതെ മറ്റൊരു നമ്പർ വഴി രജിസ്റ്റർ ചെയ്തോ ആണ് ആരോഗ്യ പ്രവർത്തകരും രാഷ്ട്രീയക്കാരും മൂന്നാം ഡോസ് എടുത്തിട്ടുള്ളത്. ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് മുമ്പ് പലരും ശരീരത്തിലെ ആൻ്റിബോഡിയുടെ അളവ് പരിശോധിച്ചിരുന്നു. ഫെബ്രുവരിയിൽ രണ്ടാം ഡോസ് എടുത്ത, ആൻ്റിബോഡിയുടെ സാന്നിധ്യം കുറഞ്ഞതായി ബോധ്യപ്പെട്ട ഡോക്ടർമാർ അടക്കം ബൂസ്റ്റർ ഡോസ് എടുത്തു.
ഒരു യുവ രാഷ്ട്രീയ നേതാവും ഭാര്യയും അവരുടെ ഓഫീസ് സ്റ്റാഫും മൂന്നാം ഡോസ് എടുത്തവരിൽ ഉൾപ്പെടുന്നു. കോവിഷീൽഡാണ് മിക്കവരും എടുത്തിട്ടുള്ളത്. വാക്സിൻ വയലിൽ അവശേഷിച്ച അവസാനത്തെ ഡോസ് ആണ് ചിലർ സ്വീകരിച്ചത്. അതിനാൽ രജിസ്ട്രേഷൻ ആവശ്യമായി വന്നില്ല.
"തെറ്റായ ദിശയിലുള്ള അമിതാവേശം" ആണ് ബൂസ്റ്റർ ഡോസിനോടുള്ള അമിതമായ താത്പര്യത്തിനു പിന്നിലെന്ന ആരോഗ്യ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി പ്രദീപ് വ്യാസിൻ്റെ പ്രതികരണവും പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നാം ഡോസ് ചിലപ്പോൾ ജീവന് തന്നെ ഭീഷണിയായേക്കാം എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.