കൊച്ചിയിലെ ആദ്യമഴയുടെ സാമ്പിൾ ശേഖരിക്കാതെ മലിനീകരണ നിയന്ത്രണ ബോർഡ്; ​ഗുരുതര വീഴ്ച

തിരുവനന്തപുരം/കൊച്ചി: കൊച്ചിയിൽ ആസിഡ് മഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനൽ മഴവെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ച. ആസിഡിന്‍റെ സാന്നിദ്ധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യ മഴയുടെ സാമ്പിൾ ശേഖരിച്ചില്ല. പ്രോട്ടോക്കോൾ അനുസരിച്ച് സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ വിശദീകരണം. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴയെ ഭയപ്പെടേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് മഴവെള്ളം മറ്റ് ജലസ്രോതസ്സുകളിലേക്ക് ഒഴുകാൻ സാദ്ധ്യതയുണ്ടെന്നും അതിനെ ഭയക്കേണ്ടതുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ പറഞ്ഞിരുന്നു. തീ അന്തരീക്ഷത്തിൽ മാരകമായ രാസവസ്തുക്കൾക്ക് കാരണമാകുമെന്നും ആദ്യത്തെ മഴ അസിഡിക് മഴയായിരിക്കുമെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആശങ്കയുണ്ടായിരുന്നു. ആസിഡിന്‍റെ സാന്നിദ്ധ്യം പരിശോധിക്കേണ്ട ഉത്തരവാദിത്തം മലിനീകരണ നിയന്ത്രണ ബോർഡിനാണെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിലപാട്. ബുധനാഴ്ച വൈകുന്നേരമാണ് തീപിടുത്തത്തിന് ശേഷം കൊച്ചിയിൽ ആദ്യമായി മഴ പെയ്തത്. എന്നാൽ ആദ്യ മഴയുടെ സാമ്പിൾ ശേഖരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. 

Related Posts