സഞ്ചാരികളെ കാത്ത് പൊന്മുടി; നിയന്ത്രണങ്ങളോടെ വെള്ളിയാഴ്ച്ച തുറക്കും
തിരുവനന്തപുരം: പൊന്മുടി, മങ്കയം, കല്ലാർ തുടങ്ങിയ ഇക്കോടൂറിസം കേന്ദ്രങ്ങൾ വെള്ളിയാഴ്ച തുറക്കും. രണ്ടര മാസമായി അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അവധിക്ക് ശേഷം വീണ്ടും തുറക്കുന്നത്. കനത്ത മഴയിലും മണ്ണിടിച്ചിലിലും പൊന്മുടിയിലേക്കുള്ള റോഡ് പന്ത്രണ്ടാം മൈലിന് സമീപം പൂർണമായും തകർന്നതിനാൽ സെപ്റ്റംബർ മുതൽ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. മഞ്ഞിൽ പുതഞ്ഞ പൊന്മുടി കാണാൻ എത്തിയ നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിൽ കല്ലാറിൽ വന്ന് നിരാശരായി മടങ്ങിയത്. ഉരുൾപൊട്ടിയ പ്രദേശത്ത് സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തിയായി. റോഡ് വികസന പ്രവർത്തനങ്ങൾ തുടരുന്നതിനാൽ നിയന്ത്രണങ്ങളോടെയാണ് വിനോദ സഞ്ചാരികളെ പൊന്മുടിയിൽ പ്രവേശിപ്പിക്കുക.