ചിത്രീകരണത്തിനിടെ കുതിര ചത്തു, 'പൊന്നിയിൻ സെൽവൻ' നിർമാതാക്കൾക്കെതിരെ കേസ്
ചിത്രീകരണത്തിന് കൊണ്ടുവന്ന കുതിര ചത്തതിനെ തുടർന്ന് പ്രഗത്ഭ തമിഴ് സംവിധായകൻ മണിരത്നം സംവിധാനം ചെയ്യുന്ന ' പൊന്നിയിൻ സെൽവം' എന്ന ചിത്രത്തിൻ്റെ നിർമാതാക്കളായ മദ്രാസ് ടാക്കീസിനെതിരെ കേസ്.
വിശ്രമമില്ലാതെ മണിക്കൂറുകളോളമാണ് കുതിരയെ ഷൂട്ടിങ്ങിനായി കഷ്ടപ്പെടുത്തിയതെന്നും ക്ഷീണവും നിർജലീകരണവുമാണ് കുതിരയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും കാണിച്ച് മൃഗസംരക്ഷണ സംഘടനകളാണ് മദ്രാസ് ടാക്കീസ് മാനേജ്മെൻ്റിനും കുതിരയുടെ ഉടമയ്ക്കും എതിരെ പൊലീസിൽ പരാതി നൽകിയത്.
മണിരത്നത്തിൻ്റെയും സഹോദരൻ ജി. ശ്രീനിവാസൻ്റെയും ഉടമസ്ഥതയിൽ 1995-ൽ ആരംഭിച്ച നിർമാണ-വിതരണ കമ്പനിയാണ് മദ്രാസ് ടാക്കീസ്. മണിരത്നത്തിൻ്റെഭാര്യയും പ്രശസ്ത അഭിനേത്രിയുമായ സുഹാസിനിയാണ് കമ്പനിയുടെ നടത്തിപ്പിൽ ഇപ്പോൾ പ്രധാന ചുമതല വഹിക്കുന്നത്.
മൃഗങ്ങളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് കർശനമായ ഉപാധികളും നിയന്ത്രണങ്ങളുമാണ് നിലവിലുള്ളത്. ആവശ്യത്തിന് ഭക്ഷണവും വിശ്രമവും നൽകണമെന്നും ഒരുതരത്തിലും ഉപദ്രവിക്കരുതെന്നും അവയെ വെച്ച് അപകടകരമായ രംഗങ്ങൾ ചിത്രീകരിക്കരുതെന്നും വ്യവസ്ഥയുണ്ട്. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് സ്റ്റാറ്റ്യൂട്ടറി മുന്നറിയിപ്പ് നൽകുന്നതുപോലെ സിനിമയുടെ ചിത്രീകരണത്തിൽ മൃഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ചിത്രീകരണ സമയത്ത് അവയെ ഒരുതരത്തിലും ഉപദ്രവിച്ചിട്ടില്ല എന്ന സത്യവാങ്മൂലം പ്രദർശനത്തിൻ്റെ തുടക്കത്തിൽ എഴുതിക്കാണിക്കണം എന്ന നിബന്ധനയുണ്ട്.
പ്രഗത്ഭരായ തെന്നിന്ത്യൻ താരങ്ങളും ദേശീയ അന്തർ ദേശീയ തലങ്ങളിൽ ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായ്, വിക്രം, പ്രഭു, ശരത് കുമാർ, ജയറാം, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.