'പൊന്നിയിൻ സെല്‍വൻ 2' ഗാനത്തിന്റെ റിലീസ് മാർച്ച് 20ന്
മണിരത്നത്തിന്‍റെ ഐതിഹാസിക ചിത്രമായ 'പൊന്നിയിൻ സെൽവൻ' രാജ്യത്തുടനീളം ആരാധകരെ നേടിയിരുന്നു. 'പൊന്നിയിൻ സെൽവന്‍റെ' രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പൊന്നിയിൻ സെൽവന്‍റെ രണ്ടാം ഭാഗത്തിലെ ഗാനം എപ്പോൾ റിലീസ് ചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. മാർച്ച് 20ന് വൈകിട്ട് 6 മണിക്കാണ് ഗാനം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ 'അഗ നാഗ' എന്ന ഗാനമാണ് റിലീസ് ചെയ്യുന്നത്. ശക്തിശ്രീ ഗോപാലനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണനാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. തൃഷയും കാർത്തിയും ഒരുമിച്ചുള്ള ചിത്രം ഉൾക്കൊള്ളുന്ന പോസ്റ്റർ പുറത്തിറക്കിയാണ് ഗാനത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചത്. വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്‍റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 125 കോടി രൂപയ്ക്കാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് അവകാശം വിറ്റുപോയത്. ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആമസോൺ പ്രൈം വീഡിയോ ഏറ്റെടുത്തു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.