പൂഞ്ച് ഭീകരാക്രമണം ആസൂത്രിതം, ട്രക്ക് കടന്നുപോകാനിരുന്ന റോഡിൽ മരത്തടികൾ വച്ച് ഗതാഗതം തടസപ്പെടുത്തി

ദില്ലി: പൂഞ്ച് ഭീകരാക്രമണം ആക്രമണം ആസൂത്രിതമെന്ന് വിലയിരുത്തല്‍. ട്രക്ക് കടന്നു പോകാനിരുന്ന റോഡിൽ മരത്തടികൾ വച്ച് ഗതാഗതം തടസപ്പെടുത്തി. മരത്തടികൾ നീക്കം ചെയ്യാൻ ഇറങ്ങിയ രണ്ട് സൈനികരെ ആദ്യം വെടിവെച്ചു .പിന്നാലെ ഗ്രേനേഡ് എറിഞ്ഞതായും വിവരം .ഭീകരരിൽ ചിലർ അതിർത്തി കടന്ന് എത്തിയവരാണ്.ജനുവരിയിൽ ഡാംഗ്രിയിൽ ആക്രമണം നടത്തിയത് ഈ സംഘമെന്നും നിഗമനമുണ്ട്.

അതിനിടെ പുൽവാമയിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് വെളിപ്പെടുത്തിയ ജമ്മുകശ്മീര്‍ മുൻ ഗവർണർ സത്യപാല്‍ മല്ലിക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ. കശ്മീരിലെ റിലൈൻസ് ഇന്‍ഷുറന്‍സ് ആരോപണവുമായി ബന്ധപ്പെട്ട് ഈമാസം 28ന് ഹാജരാനാകാണ് നിർദേശം. പുല്‍വാമയിലെ ഭീകരാക്രമണം സർക്കാരിന്‍റെ വീഴ്ചയാണെന്നും വിമാനം ആവശ്യപ്പെട്ട ജവാന്മാർക്ക് അത് നല്‍കിയില്ലെന്നുമുള്ള വിമർശനങ്ങളാണ് ഒരു അഭിമുഖത്തില്‍ മുൻ ജമ്മുകശ്മീര്‍ ഗവർണർ ഉന്നയിച്ചത്. സർക്കാരിന്‍റെ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതൊന്നും പുറത്ത് പറയരുതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടതെന്നും സത്യപാല്‍ മലിക്ക് വെളിപ്പെടുത്തി. ഈ വിവാദത്തിൽ സർക്കാർ മൗനം തുടരുമ്പോഴാണ് ഇപ്പോള്‍ റിലൈൻസ് ഇൻഷുറന്‍സ് കേസില്‍ സത്യപാല്‍ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

പുല്‍വാമ വിഷയത്തിനൊപ്പം തന്നെ ജമ്മുകശ്മീരിലെ റിലൈൻസ് ഇന്‍ഷുറന്‍സ് അഴിമതിയിലും സത്യപാല്‍ മല്ലിക്ക് ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ക്രമവിരുദ്ധമായ ചിലത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് റദ്ദാക്കിയെന്നും പദ്ധതി നടപ്പാക്കാൻ ബിജെപി നേതാവ് റാം മാധവ് സമ്മ‍ർദ്ദം ചെലുത്തിയെന്നുമായിരുന്നു മല്ലിക്കിന്‍റെ വെളിപ്പെടുത്തല്‍. ആരോപണങ്ങളില്‍ വ്യകത തേടി തന്നെ സിബിഐ വിളിപ്പിച്ചുവെന്ന് സത്യപാല്‍ മല്ലിക്കും സ്ഥരിക്കുന്നുണ്ട്. സിബിഐ നടപടി ഇൻഷുറൻസ് കേസിലാണെങ്കിലും ഇത് പുല്‍വാമയിലെ വിമർശനങ്ങളിലുള്ള ബിജെപിയുടെ രാഷ്ട്രിയ പ്രതികാരമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം . മോദിയെ സത്യപാൽ മലിക്ക് രാജ്യത്തിനു മുന്നിൽ തുറന്നു കാട്ടിയപ്പോള്‍ തന്നെ ഇത്തരം നടപടി പ്രതീക്ഷിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം മോദി സർക്കാർ സിബിഐയെ സത്യപാൽ മല്ലിക്കിനെതിരെ ഉപയോഗിക്കുന്നുവെന്ന് സീതാറാം യെച്ചൂരിയും കുറ്റപ്പെടുത്തി.

Related Posts