മോശം പ്രകടനം; പാകിസ്താന്‍ ബാറ്റര്‍മാര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി അക്തര്‍
ലാഹോര്‍: ഏഷ്യാ കപ്പ് ഫൈനലില്‍ മോശം പ്രകടനം പുറത്തെടുത്ത പാകിസ്താന്റെ ബാറ്റര്‍മാര്‍ക്ക് നേരെ വിമര്‍ശനവുമായി മുന്‍ പാക് പേസ് ബൗളര്‍ ഷൊഐബ് അക്തര്‍. ഫൈനലില്‍ പാകിസ്താന്റെ പ്രകടനം മോശമായെന്നും ഈ ഫോം തുടര്‍ന്നാല്‍ വിജയങ്ങള്‍ നേടാനാകില്ലെന്നും അക്തര്‍ പറഞ്ഞു. ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെ 23 റണ്‍സിന് തകർത്താണ് ശ്രീലങ്ക കിരീടം നേടിയത്. മത്സരത്തില്‍ പാകിസ്താന്‍ ബാറ്റര്‍മാരെല്ലാം പരാജയമായതാണ് അക്തറിനെ ചൊടിപ്പിച്ചത്. അര്‍ധശതകം നേടിയ മുഹമ്മദ് റിസ്വാനെപ്പോലും അക്തര്‍ വെറുതേ വിട്ടില്ല. "ഈ കോമ്പിനേഷന്‍ വരും മത്സരങ്ങളില്‍ ഗുണം ചെയ്യില്ല. പാകിസ്താന്‍ ക്രിക്കറ്റ് ഇനിയുമേറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ഫഖര്‍, ഇഫ്തിഖര്‍, ഖുഷ്ദില്‍ തുടങ്ങിയവരെല്ലാം ഫോം കണ്ടെത്തേണ്ടതുണ്ട്. 50 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്തതുകൊണ്ട് റിസ്വാന് വിജയം നേടാനാകില്ല. ഈ പ്രകടനമൊന്നും പാകിസ്താന്റെ വിജയത്തിന് കാരണമാകില്ല. കിരീടം നേടിയ ശ്രീലങ്കയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍" അക്തര്‍ കുറിച്ചു.