ജനകീയാസൂത്രണം രജത ജൂബിലി ആഘോഷം നടന്നു
തൃശൂർ: വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ ജനകീയാസൂത്രണം രജത ജൂബിലി ആഘോഷം നടന്നു. 14-ാം പഞ്ചവത്സര പദ്ധതിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി അനുഭവങ്ങൾ പങ്കുവയ്ക്കാനും വരുംകാല വികസന പ്രവർത്തനങ്ങളിലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്താനുമാണ് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മുൻഭരണ സമിതി അംഗങ്ങൾ ഒത്തുചേർന്നത്. രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ഒത്തുചേരലിൽ ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ ഭരണസമിതി കാലങ്ങളിലെ 45 ഓളം വരുന്ന മെമ്പർമാരെ ആദരിച്ചു. തുടർന്ന് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ച് പഞ്ചായത്തുകളിലെ വിഇഒ മാർക്കും ലാപ്ടോപ് വിതരണം ചെയ്യ്തു. ബ്ലോക്ക്പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു.
അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം മുകേഷ്, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ധനീഷ്, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ, പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ ബി ബിനോയ്, രാജേഷ് അശോകൻ, ടെസ്സി ജോയ്, ശശികുമാർ ഇടപ്പുഴ, അസ്മാബി ലത്തീഫ്, ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ബീന സുധാകരൻ, രഞ്ജിനി ടീച്ചർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. വെള്ളാങ്കല്ലൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ സ്വാഗതവും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദിവ്യ കുഞ്ഞുണ്ണി നന്ദിയും പറഞ്ഞു.